ന്യൂഡല്‍ഹി: ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ ധനകാര്യ ഇടപാടുകാരന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ബന്ധം വീണ്ടും പുകയുന്നു. ഇരുവരും ഒന്നിച്ചുള്ള രണ്ട് ചിത്രങ്ങള്‍ അമേരിക്കന്‍ നീതിന്യായ വകുപ്പു പുറത്തുവിട്ടത് പുരിയുടെ പ്രതിരോധത്തെ ദുര്‍ബലമാക്കി. എപ്സ്റ്റീനെ താന്‍ ഒറ്റക്ക് കണ്ടിട്ടില്ലെന്നായിരുന്നു പുരി ഇതുവരെ വാദിച്ചത്. അത് ഖണ്ഠിക്കുന്ന തെളിവാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് തന്നെ പുറത്തുവിട്ടത്.
അമേരിക്കന്‍ നീതിന്യായ വകുപ്പ് തന്നെ ചിത്രങ്ങള്‍ പുറത്തുവിട്ടത് ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമാണെന്നും ആരെയാണ് അവര്‍ ബ്ലാക്കമെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. മറ്റു പ്രതിപക്ഷ കക്ഷികളും മന്ത്രിയോട് വിശദീകരണം തേടി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ മുംബൈ സന്ദര്‍ശിക്കുന്നതിനിടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.
എപ്സ്റ്റീനെ താന്‍ കണ്ടത് പ്രതിനിധിസംഘത്തിന്റെ ഭാഗമായാണെന്നും ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും പുരി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇരുവരും ഒരുമിച്ചുള്ള രണ്ടു ചിത്രങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിയുടെ വിശദീകരണത്തെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തി.
എപ്സ്റ്റീനെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്ന പുരിയുടെ പ്രസ്താവനയുമായി ചിത്രങ്ങള്‍ എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ സാമൂഹികമാധ്യമത്തില്‍ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും മന്ത്രിയുടെ വിശദീകരണത്തെ ചോദ്യം ചെയ്തു. പ്രതിനിധിസംഘത്തോടൊപ്പം മൂന്നോ നാലോ തവണ എപ്സ്റ്റീനെ കണ്ടെന്നായിരുന്നു പുരി പറഞ്ഞിരുന്നതെന്നും ചിത്രങ്ങളില്‍ സംഘത്തിലെ മറ്റുള്ളവര്‍ എവിടെയാണെന്നും അവര്‍ ചോദിച്ചു.
ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി എപ്സ്റ്റീന്‍ രേഖകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പുരി അവ നിഷേധിച്ചിരുന്നു. ഇന്ത്യയുടെ ഐക്യരാഷ്ട്രസഭാ അംബാസഡര്‍ പദവി ഒഴിഞ്ഞശേഷവും കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നതിന് മുമ്പുമാണ് എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കൂടിക്കാഴ്ചകള്‍ പൂര്‍ണമായും ഔദ്യോഗിക സ്വഭാവത്തിലുള്ളതായിരുന്നെന്നും എപ്സ്റ്റീനെതിരായ ക്രിമിനല്‍ ആരോപണങ്ങളുമായി അവയ്ക്ക് ബന്ധമില്ലെന്നും പുരി പറഞ്ഞിരുന്നു.
ഇന്റര്‍നാഷനല്‍ പീസ് ഇന്‍സ്റ്റിറ്റിയൂട്ടുമായി (ഐപിഐ) ബന്ധപ്പെട്ട പ്രതിനിധിസംഘത്തിന്റെ ഭാഗമായാണ് താന്‍ യാത്ര ചെയ്തതെന്നും സ്ഥാപനത്തിലെ തന്റെ മേലധികാരിയായ ടെര്‍ജെ റോഡ്‌ലാര്‍സന് എപ്സ്റ്റീനെ പരിചയമുണ്ടായിരുന്നെന്നും പുരി അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. പൊതുജീവിതത്തിലുള്ളവര്‍ പലതരം ആളുകളുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും അവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2025 നവംബറിലാണ് പുരിയും എപ്സ്റ്റീനും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പൊതുചര്‍ച്ചയിലെത്തിയത്. അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ ഓവര്‍സൈറ്റ് കമ്മിറ്റിയുടെ ഭാഗമായി പുറത്തുവിട്ട ഇമെയിലില്‍ ഇരുവരും തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. പിന്നീട് 2026 ജനുവരി 30ന് അമേരിക്കന്‍ നീതിന്യായ വകുപ്പ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകളുള്ള രേഖകള്‍ പുറത്തുവിട്ടു. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ഇമെയിലുകളും ഇതിലുണ്ടായിരുന്നു.
ഈ ഇമെയിലുകളിലെ വിവരങ്ങള്‍ പ്രകാരം 2015 ഫെബ്രുവരി 4നും 2016 ജനുവരി 6നും 2017 മേയ് 19നും പുരി ന്യൂയോര്‍ക്കിലെ എപ്സ്റ്റീന്റെ വസതി സന്ദര്‍ശിച്ചതായി പരാമര്‍ശിക്കുന്നു. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ദ്വീപിനെക്കുറിച്ചുള്ള ഒരു ഇമെയിലില്‍ പുരി നടത്തിയ പരാമര്‍ശവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഹാവ് ഫണ്‍' എന്ന പ്രയോഗം താന്‍ സാധാരണയായി ഉപയോഗിക്കുന്നതാണെന്നായിരുന്നു ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ വിശദീകരണം.
2008ല്‍ ലൈംഗിക കുറ്റകൃത്യത്തില്‍ എപ്സ്റ്റീന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 2019ല്‍ ലൈംഗിക കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി വീണ്ടും അറസ്റ്റിലായെങ്കിലും വിചാരണയ്ക്കുമുമ്പ് ജയിലില്‍ മരിച്ചു. എപ്സ്റ്റീനെ സഹായിച്ചതിന് പങ്കാളിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ 2021ല്‍ കുറ്റക്കാരിയെന്ന് കണ്ടെത്തപ്പെടുകയും 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.
Related News