ന്യൂദല്‍ഹി: അരുണാചലില്‍ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) മേധാവിയുടെ പ്രസ്താവന സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ആദ്യമായാണ് ഇത്ര ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ വെളിപ്പെടുത്തുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്ര, സൈനിക ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എസി) ചൈനീസ് സൈന്യം പതിവ് പട്രോളിങ് രീതികളില്‍നിന്ന് വ്യതിചലിക്കുന്നത് അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കുമെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി മേഖലകളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നത് ഇന്ത്യ-ചൈന ബന്ധങ്ങളുടെ സമഗ്ര പുരോഗതിക്ക് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ചൈനീസ് സൈന്യവുമായി മുഖാമുഖം തുടരുകയാണെന്ന് ഐ.ടി.ബി.പി ഡയറക്ടര്‍ ജനറല്‍ ശത്രുജീത് കപൂര്‍ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
ചൈനീസ് സൈന്യം അംഗീകരിക്കപ്പെട്ട പട്രോളിങ് രീതികളില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലകളിലെ സാഹചര്യം ഇടയ്ക്കിടെ അസ്വസ്ഥമാകാറുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
നിയന്ത്രണ രേഖയില്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിനും പരിഹരിക്കപ്പെടാത്ത അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നിലവിലുള്ള നയതന്ത്ര, സൈനിക സംവിധാനങ്ങള്‍ ഇരു രാജ്യങ്ങളും തുടര്‍ന്നും ഉപയോഗിക്കുമെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.
അതിര്‍ത്തി നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി പരസ്പര ധാരണ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇന്ത്യയും ചൈനയും ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നത് ഉഭയകക്ഷി ബന്ധങ്ങളുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഐ.ടി.ബി.പി പുതിയ സന്നാഹങ്ങള്‍ ഒരുക്കുന്നതായി ശത്രുജീത് കപൂര്‍ അറിയിച്ചിരുന്നു. എല്ലാ അതിര്‍ത്തി യൂണിറ്റുകളിലും ഡ്രോണ്‍ പ്ലാറ്റൂണുകള്‍ രൂപീകരിച്ചതായും 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് സമാനമായ സാഹചര്യങ്ങള്‍ നേരിടാന്‍ സേനാംഗങ്ങളെ സജ്ജരാക്കുന്ന 'സ്‌െ്രെടക്ക്' എന്ന പരിശീലന പരിപാടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനും കിഴക്കന്‍ ലഡാക്കില്‍ നാലുവര്‍ഷത്തിലേറെ നീണ്ട സൈനിക തര്‍ക്കത്തിനും പിന്നാലെ ഇന്ത്യ-ചൈന ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു. ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കാലയളവില്‍ ഇരുരാജ്യങ്ങളും വിവിധ നടപടികള്‍ സ്വീകരിച്ചു.
2024 ഒക്ടോബറില്‍ കിഴക്കന്‍ ലഡാക്കിലെ ദെപ്‌സാങ്, ദെംചോക് മേഖലകളില്‍ സൈനികരെ പിന്‍വലിക്കുന്നതിനുള്ള ധാരണയിലെത്തിയിരുന്നു. പിന്നാലെ റഷ്യയിലെ കസാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.
കഴിഞ്ഞ വര്‍ഷം ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെയും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയും മോദിയും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
പരസ്പര ബഹുമാനം, താല്‍പര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ സമാധാനം ഉറപ്പാക്കുകയും തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യേണ്ടത് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന വ്യവസ്ഥയാണെന്നാണ് ഇന്ത്യയുടെ നിലപാട്.
Related News