റിയാദ്: ആറാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) മുന്‍സിപ്പല്‍ വര്‍ക്ക് അവാര്‍ഡില്‍ അല്‍ ബാഹ റീജിയന്‍ മുന്‍സിപ്പാലിറ്റി നടപ്പിലാക്കിയ 'അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവ്' ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹരിതവല്‍ക്കരണം വ്യാപിപ്പിക്കല്‍, ജനപങ്കാളിത്തം ഉറപ്പാക്കല്‍, നഗര സൗന്ദര്യവല്‍ക്കരണം, പരിസ്ഥിതി സുസ്ഥിരത എന്നിവ മുന്‍നിര്‍ത്തി നടപ്പിലാക്കിയ പദ്ധതിക്കാണ് ഈ ഉന്നത പുരസ്‌കാരം ലഭിച്ചത്. 2.5 കോടി സൗദി റിയാലിലധികം (ഏകദേശം 67 ലക്ഷം ഡോളര്‍) സാമ്പത്തിക നേട്ടവും പദ്ധതിയിലൂടെ കൈവരിക്കാന്‍ സാധിച്ചു.
പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലൂടെയും സന്നദ്ധസേവനത്തിലൂടെയും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാന്‍ സാധിച്ചതിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് അല്‍ ബാഹ റീജിയന്‍ ഗവര്‍ണര്‍ പ്രിന്‍സ് ഹുസാം ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. മുന്‍സിപ്പാലിറ്റിയുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പരിശ്രമത്തെയും ജനപങ്കാളിത്തത്തെയും അദ്ദേഹം അഭിനന്ദിച്ചു. സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെയും വിഷന്‍ 2030-ന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ പദ്ധതി വലിയ പങ്കാണ് വഹിക്കുന്നത്.
10,150-ലധികം വളണ്ടിയര്‍മാര്‍ ചേര്‍ന്ന് 84,500 മണിക്കൂറിലധികം സന്നദ്ധസേവനം ചെയ്തുവെന്നത് പദ്ധതിയുടെ വലിയ നേട്ടമാണ്. സന്നദ്ധ സംഘടനകളുമായും മറ്റ് സ്ഥാപനങ്ങളുമായും ചേര്‍ന്ന് 151 പങ്കാളിത്ത കരാറുകളും 70 ധാരണാപത്രങ്ങളും ഒപ്പുവെച്ചു. 143 പൊതു പാര്‍ക്കുകളിലായി പത്തുലക്ഷത്തിലധികം മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. കൂടാതെ പാതയോരങ്ങളില്‍ 12.5 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഹരിത ഇടനാഴികള്‍ നിര്‍മ്മിച്ചു.
നൈട്രജന്‍ ഓക്‌സൈഡ് ബഹിര്‍ഗമനത്തില്‍ 20 ശതമാനം കുറവ് വരുത്താനും വര്‍ഷത്തില്‍ 10,600 മുതല്‍ 18,600 ടണ്‍ വരെ കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്യാനും പദ്ധതിയിലൂടെ സാധിച്ചു. പ്രദേശത്തെ വായു ഗുണനിലവാരം 7 മുതല്‍ 20 ശതമാനം വരെ മെച്ചപ്പെട്ടു. സ്മാര്‍ട്ട് ഇറിഗേഷന്‍ ശൃംഖലകള്‍ വഴി നനയ്ക്കാന്‍ ആവശ്യമായ വെള്ളത്തിന്റെ 75 ശതമാനവും സംസ്‌കരിച്ച വെള്ളം ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. ശുദ്ധജല ഉപയോഗത്തില്‍ 40 ശതമാനം കുറവ് വരുത്താനും സാധിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രാദേശിക സമൂഹത്തിന്റെയും ഉല്‍പാദനക്ഷമമായ സഹകരണത്തിന്റെ ഫലമാണ് ഈ വിജയമെന്ന് അല്‍ ബാഹ മേയര്‍ അലി അല്‍ സവാത് വ്യക്തമാക്കി. വരുംദിവസങ്ങളിലും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത