ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പി.എല്‍.എ) തമ്മില്‍ വിവിധയിടങ്ങളില്‍ മുഖാമുഖം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വിഷയത്തില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും പുലര്‍ത്തുന്ന മൗനം ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
അരുണാചലില്‍ അടുത്ത ദിവസങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ചൈനീസ് സൈന്യവുമായി മുഖാമുഖം ഉണ്ടായെന്നും സാഹചര്യം ഇപ്പോഴും തുടരുകയാണെന്നും ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐ.ടി.ബി.പി) ഡയറക്ടര്‍ ജനറല്‍ ശത്രുജീത് കപൂര്‍ പ്രസ്താവിച്ചതിന് പി്ന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
ഭരണകൂടം ഈ വിഷയത്തില്‍ തുടരുന്നത് പേടിപ്പെടുത്തുന്ന മൗനമാണെന്ന് ജയറാം രമേശ് ആപരോപിച്ചു. ചൈനയോടുള്ള മോദി സര്‍ക്കാരിന്റെ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചു്. ചൈനയുമായുള്ള വ്യാപാരക്കമ്മി രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.
അരുണാചലിലെ സംഘര്‍ഷസാഹചര്യത്തിനിടെ അതിര്‍ത്തിയിലെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികളും ഐ.ടി.ബി.പി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാല്‍വാന്‍ പോലുള്ള ഏറ്റുമുട്ടലുകളെ നേരിടാന്‍ സേനാംഗങ്ങളെ സജ്ജരാക്കുന്നതിനായി 'സ്‌െ്രെടക്ക്' എന്ന പേരില്‍ പുതിയ പരിശീലന പരിപാടി ആരംഭിച്ചതായി കപൂര്‍ അറിയിച്ചു.
ഓരോ അതിര്‍ത്തി ബറ്റാലിയനിലും ഡ്രോണ്‍ പ്ലാറ്റൂണുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഡ്രോണ്‍, ഡ്രോണ്‍വിരുദ്ധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും കാലഹരണപ്പെട്ട ആയുധങ്ങള്‍ നവീകരിക്കുന്നതിനും അതിര്‍ത്തിയിലെ ഔട്ട്‌പോസ്റ്റുകളില്‍ ഭൂഗര്‍ഭ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും നടപടികളെടുക്കുന്നുണ്ട്. 2027 അവസാനത്തോടെ സേനയിലെ എല്ലാവര്‍ക്കും പുതിയ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഉയര്‍ന്ന പര്‍വതപ്രദേശങ്ങളിലെ പോരാട്ടത്തിനായി കരസേനയില്‍നിന്ന് വ്യത്യസ്തമായ പ്രത്യേക സേനാവിഭാഗം രൂപീകരിക്കുമെന്നും കപൂര്‍ പറഞ്ഞു. ഓരോ ബറ്റാലിയനിലും ഷൗര്യ കമാന്‍ഡോ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 112 ബില്യണ്‍ ഡോളറിലെത്തിയെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷത്തെ 99 ബില്യണ്‍ ഡോളറില്‍നിന്നാണ് വര്‍ധന. ഈ പ്രവണത രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി 'ചൈനയില്‍നിന്നുള്ള ഇറക്കുമതി'യായി മാറിയെന്നും വ്യാപാരക്കമ്മി സാമ്പത്തിക സുരക്ഷയ്ക്ക് ഗുരുതരമായ വെല്ലുവിളിയാണെന്നും രമേശ് പറഞ്ഞു.
2020 ജൂണ്‍ 19ന് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. ലഡാക്കിലെ ചൈനീസ് നീക്കങ്ങളെ നേരിടാന്‍ സൈനിക നേതൃത്വത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പരാമര്‍ശവും രമേശ് ഉന്നയിച്ചു.
1962ല്‍ രൂപീകരിച്ച ഐടിബിപിയാണ് ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യഥാര്‍ഥ നിയന്ത്രണരേഖയുടെ വലിയൊരു ഭാഗത്ത് അതിര്‍ത്തി സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്.
Related News