ന്യൂഡല്‍ഹി: എസ്.ഐ.ആര്‍ പിന്‍വലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്.കെ.എം) ആഹ്വാനപ്രകാരം ഒക്ടോബര്‍ 23ന് രാജ്യവ്യാപകമായി പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണകളും സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധക്കാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
വോട്ടര്‍പട്ടികയില്‍നിന്ന് സുതാര്യതയില്ലാതെ പേരുകള്‍ നീക്കം ചെയ്തതിലൂടെ വോട്ടവകാശം നഷ്ടപ്പെട്ട 13.41 കോടി പൗരന്മാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും എസ്.ഐ.ആര്‍ നടപടികള്‍ റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിവിധ തൊഴിലാളി യൂണിയനുകളും സിവില്‍ സമൂഹ സംഘടനകളും കര്‍ഷക മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിക്കാനുള്ള നിവേദനം ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലെ അധികാരികള്‍ വഴി കൈമാറുമെന്ന് എസ്.കെ.എം അറിയിച്ചു. ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കാന്‍ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
എസ്.ഐ.ആര്‍ നടപടികള്‍ ഭരണകക്ഷിയായ ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ സഹായിക്കുന്ന തരത്തില്‍ യഥാര്‍ഥ പൗരന്മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ഇടയാക്കിയെന്നാണ് കര്‍ഷക സംഘടനയുടെ ആരോപണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം ലംഘിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി നിയമനടപടി സ്വീകരിക്കണമെന്നും എസ്.കെ.എം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമത്തില്‍ ഭേദഗതി വരുത്തി, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്ര മന്ത്രിക്കു പകരം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമന സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക, തിരഞ്ഞെടുപ്പുകളിലെ പണത്തിന്റെയും പേശീബലത്തിന്റെയും സ്വാധീനം കുറയ്ക്കുക, തിരഞ്ഞെടുപ്പുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിയമവിധേയമാക്കുക എന്നിവയും പ്രധാന ആവശ്യങ്ങളാണ്.
സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന ജന്തര്‍ മന്തറിന്റെ പദവി റദ്ദാക്കിയെന്നു പറയുന്ന ഡല്‍ഹി പൊലീസ് ഉത്തരവ് പിന്‍വലിക്കണമെന്നും എസ്.കെ.എം ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും പ്രതിഷേധക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
എസ്.ഐ.ആറിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പിന്തുണ പ്രഖ്യാപിച്ച സംഘടന, ഡല്‍ഹിയില്‍ യുവതികളടക്കമുള്ള പ്രതിഷേധക്കാര്‍ക്കെതിരെ പീഡനവും ബലപ്രയോഗവും നടന്നെന്ന ആരോപണങ്ങളിലും അന്വേഷണം ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരും ആര്‍.എസ്.എസ്-ബിജെപി ബന്ധമുള്ളവരും പ്രതിഷേധക്കാരെ ആക്രമിച്ചെന്നും വിദ്യാര്‍ഥിനികളെയും മാധ്യമപ്രവര്‍ത്തകരെയും ലൈംഗികമായി ഉപദ്രവിച്ചെന്നും നിവേദനത്തില്‍ ആരോപിക്കുന്നു..
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് തടയാന്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരെ വീടുകളില്‍ തടഞ്ഞുവെക്കുന്നതായും എസ്.കെ.എം ആരോപിച്ചു. നിയമപരമായ അധികാരമില്ലാതെ പൊലീസ് വീടുകളില്‍ കയറി പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കുന്നത് സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നാണ് സംഘടനയുടെ നിലപാട്.
പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സ്വമേധയാ ഇടപെടാത്തതിന് സുപ്രീംകോടതിയുള്‍പ്പെടെയുള്ള നീതിന്യായ സംവിധാനങ്ങളെയും സംഘടന വിമര്‍ശിച്ചു. ആരോപണങ്ങളില്‍ അന്വേഷണം നടത്തി ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുകയും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
Related News