ദുബൈ: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ നീട്ടി ഇന്‍ഡിഗോ. റിയാദിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെയും ജിദ്ദ, ദമാം, മദീന സര്‍വീസുകള്‍ ഒക്ടോബര്‍ 27 വരെയും റദ്ദാക്കിയതായി റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
പ്രാദേശിക സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി. സൗദിയിലെ വിമാനത്താവളങ്ങള്‍ക്കും ഊര്‍ജ കേന്ദ്രങ്ങള്‍ക്കും മറ്റ് നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത്.
ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ ദിവസം സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സൗദിയിലേക്കുള്ള സര്‍വീസുകള്‍ മറ്റ് ഇന്ത്യന്‍ വിമാനക്കമ്പനികളും നേരത്തേ റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒക്ടോബര്‍ 24 വരെ എല്ലാ റൂട്ടുകളിലെയും സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ആകാശ എയര്‍ സര്‍വീസുകള്‍ ഒക്ടോബര്‍ 27 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടവര്‍ക്ക് ആവശ്യമായ വിസകള്‍ ലഭ്യമാണെങ്കില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങള്‍ വഴി യാത്ര ചെയ്യുന്നത് പരിഗണിക്കാമെന്ന് ഇന്ത്യന്‍ എംബസി നേരത്തേ നിര്‍ദേശിച്ചിരുന്നു.
വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ഉംറ നിര്‍വഹിക്കാനെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരും പ്രതിസന്ധിയിലായി. ഇവരുടെ മടക്കയാത്ര വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയം വിമാനക്കമ്പനികളുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ഏകോപനം നടത്തുന്നുണ്ട്.
റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ബാക്കിയുള്ള തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം നല്‍കാന്‍ ഇരുരാജ്യതലത്തിലുള്ള നയതന്ത്ര കാര്യാലയങ്ങളും സമൂഹ സന്നദ്ധപ്രവര്‍ത്തകരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 10ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിലും ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. വ്യോമാക്രമണമുണ്ടായാല്‍ കെട്ടിടത്തിനുള്ളിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. ആക്രമണം തടയുന്ന ദൃശ്യങ്ങളോ ആക്രമണം നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയോ ചെയ്യരുതെന്നും സൗദി നിയമപ്രകാരമുള്ള നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഏകദേശം 27.4 ലക്ഷം ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. വിമാന സര്‍വീസുകളിലെ തടസ്സം പ്രവാസികളുടെയും തീര്‍ഥാടകരുടെയും യാത്രകളെ ബാധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
Related News