ഇസ്താംബൂള്‍- പശ്ചിമേഷ്യന്‍ പ്രതിസന്ധി ആഗോള സാമ്പത്തിക മേഖലയെ ഉലയ്ക്കുന്ന പശ്ചാത്തലത്തില്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ തടസ്സങ്ങളില്ലാതെ വേഗത്തിലും പൂര്‍ണ്ണമായും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, പാക്കിസ്ഥാന്‍ (ക്വാഡ്) എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍. അന്താരാഷ്ട്ര സമുദ്ര പാതകളില്‍ ഏര്‍പ്പെടുത്തുന്ന ഏകപക്ഷീയമായ വിലക്കുകളും നടപടികളും തള്ളിക്കളഞ്ഞ ഇവര്‍, ഇസ്താംബൂളില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു.
ആഗോള ഊര്‍ജ്ജ വിപണിയെയും ഭക്ഷ്യ വിതരണ ശൃംഖലകളെയും ബാധിക്കുന്ന സൈനിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ നയതന്ത്ര ചര്‍ച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്ന് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. ഇസ്ലാമാബാദില്‍ ഒപ്പുവെച്ച ധാരണാപത്രത്തെ സ്വാഗതം ചെയ്ത നേതാക്കള്‍, വാണിജ്യ കപ്പലുകള്‍ക്കും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും സമാധാനപരമായ നയതന്ത്ര പരിഹാരമാണ് അനിവാര്യമെന്നും വ്യക്തമാക്കി.
മേഖലയിലെ അസ്ഥിരതയുടെ പ്രധാന കാരണം തുടരുന്ന ഇസ്രായേലി അധിനിവേശമാണെന്ന് ചൂണ്ടിക്കാട്ടിയ ക്വാഡ് കൂട്ടായ്മ, പലസ്തീനിലെ അതിക്രമങ്ങളും കുടിയേറ്റ വ്യാപനങ്ങളും അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. 1967 ജൂണ്‍ 4-ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കി, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിക്കുന്നതിനായുള്ള രണ്ട് രാജ്യങ്ങള്‍ എന്ന പരിഹാരം നടപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഗാസയിലേക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തിക്കണമെന്നും പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണം ഉറപ്പാക്കണമെന്നും യോഗം ഊന്നിപ്പറഞ്ഞു.
യമനിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, സൗദിയെയും ചെങ്കടലിലെ വാണിജ്യ കപ്പലുകളെയും ലക്ഷ്യമിട്ട് ഹൂതി മിലിഷ്യ നടത്തുന്ന ആക്രമണങ്ങളെ വിദേശകാര്യമന്ത്രിമാര്‍ ശക്തമായി അപലപിച്ചു. അക്രമങ്ങള്‍ അവസാനിപ്പിച്ച് രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ ഹൂതികളോട് ആവശ്യപ്പെട്ട ഇവര്‍, സൗദി അറേബ്യക്കും യമന്‍ സര്‍ക്കാരിനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ തത്ത്വങ്ങള്‍ക്ക് വിധേയമായി മേഖലയില്‍ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് നാല് രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചാണ് മന്ത്രിതല യോഗം അവസാനിച്ചത്.
Related News