ദുബായ് - യു.എ.ഇയിലെ ഉമ്മുല്‍ ഖുവൈന്‍ തീരത്തുണ്ടായ എണ്ണച്ചോര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ എമിറേറ്റുകളില്‍ അനുഭവപ്പെട്ട അസാധാരണമായ ഇന്ധനഗന്ധത്തിന് കാരണമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ടാങ്കറില്‍ നിന്നുണ്ടായ എണ്ണച്ചോര്‍ച്ചയെ തുടര്‍ന്ന് സുരക്ഷാ പരിശോധനകളും ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതുവരെ ഉമ്മുല്‍ ഖുവൈനിലെ എല്ലാ ബീച്ചുകളും തീരപ്രദേശങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി.
ഉമ്മുല്‍ ഖുവൈന് പുറമെ ഷാര്‍ജയിലെ ഖാസിമിയ്യ, റഹ്‌മാനിയ്യ മേഖലകളിലും, അജ്മാനിലെ നുഐമിയ, കോര്‍ണിഷ് പ്രദേശങ്ങളിലും, ദുബായിലെ അല്‍ നഹ്ദ, മംസാര്‍, ദെയ്‌റ എന്നിവിടങ്ങളിലും ശക്തമായ ഇന്ധനഗന്ധം അനുഭവപ്പെട്ടതായി താമസക്കാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ അനുഭവപ്പെടുന്ന വാതകഗന്ധം പൊതുജനങ്ങളുടെ ആരോഗ്യത്തിന് യാതൊരുവിധ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
എണ്ണച്ചോര്‍ച്ച കണ്ടെത്തിയയുടന്‍ തന്നെ കടലില്‍ എണ്ണ പടരുന്നത് തടയാനുള്ള നിയന്ത്രണ നടപടികളും അടിയന്തര ശുചീകരണവും ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റിയുടെയും മറ്റ് പ്രാദേശിക-കേന്ദ്ര ഏജന്‍സികളുടെയും സംയുക്ത നേതൃത്വത്തിലാണ് പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കടല്‍മാര്‍ഗ്ഗമുള്ള യാത്രക്കാരും മത്സ്യത്തൊഴിലാളികളും അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എണ്ണച്ചോര്‍ച്ച ബാധിച്ച മേഖലകളില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിലവില്‍ സാഹചര്യം പൂര്‍ണ്ണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് വ്യക്തമാക്കിയ അധികൃതര്‍, വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Related News