അല്‍ഐന്‍- റെസ്റ്റോറന്റിന് പിന്നിലെ നടപ്പാത വൃത്തിയാക്കാന്‍ ഉപയോഗിച്ച മാരകമായ രാസവസ്തു വീണ് ഗുരുതരമായി പൊള്ളലേറ്റ രണ്ട് യുവാക്കള്‍ക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അല്‍ഐന്‍ കോടതി ഉത്തരവിട്ടു. റെസ്റ്റോറന്റ് ഉടമയും രണ്ട് ജീവനക്കാരുമാണ് സംയുക്തമായി ഈ തുക നല്‍കേണ്ടത്. റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ താമസിക്കുന്ന യുവാക്കള്‍ പുറത്തേക്ക് പോകാന്‍ പതിവായി ഉപയോഗിച്ചിരുന്ന വഴിയാണ് അപകടത്തിന് വേദിയായത്.
ഡ്രെയ്‌നുകള്‍ അടഞ്ഞുപോകുന്നത് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് നടപ്പാത കഴുകാനായി ഇവര്‍ ഉപയോഗിച്ചത്. ഈ വഴിയിലൂടെ നടന്നുപോകവെ കാല്‍ വഴുതി വീണ യുവാക്കളുടെ ശരീരത്തിലേക്ക് രാസവസ്തു പതിയുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് മൂന്നാം ഡിഗ്രി പൊള്ളലും മറ്റൊരാള്‍ക്ക് രണ്ടാം ഡിഗ്രി പൊള്ളലുമാണ് ഏറ്റത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ മുന്‍പ് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയും കുറ്റം തെളിയുകയും ചെയ്തിരുന്നു.
ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് യുവാക്കള്‍ നഷ്ടപരിഹാരത്തിനായി സിവില്‍ കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി ആദ്യത്തെയാള്‍ 200,000 ദിര്‍ഹവും രണ്ടാമത്തെയാള്‍ 100,000 ദിര്‍ഹവുമടക്കം ആകെ 300,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി നിയോഗിച്ച ഫോറന്‍സിക് ഡോക്ടര്‍ യുവാക്കളുടെ പരിക്കുകള്‍ പരിശോധിച്ചു.
പരിശോധനയില്‍ ആദ്യത്തെ യുവാവിന്റെ കൈ, പുറം, കാലുകള്‍ എന്നിവിടങ്ങളില്‍ പൊള്ളലും ശസ്ത്രക്രിയയെത്തുടര്‍ന്ന് ചര്‍മ്മത്തിന് വൈകല്യവും സംഭവിച്ചതായി കണ്ടെത്തി. അദ്ദേഹത്തിന് 15 ശതമാനം ചര്‍മ്മ പ്രവര്‍ത്തന നഷ്ടം വിലയിരുത്തിയ ഡോക്ടര്‍, രണ്ടാമത്തെ യുവാവിന് കൈകാലുകളിലേറ്റ വടുക്കള്‍ കാരണം അഞ്ച് ശതമാനം വൈകല്യവും സ്ഥിരീകരിച്ചു. കേസ് തള്ളിക്കളയണമെന്നും പരാതിക്കാര്‍ തന്നെ കോടതി ചെലവുകള്‍ നല്‍കണമെന്നുമാണ് പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചതെങ്കിലും, മുന്‍കൂര്‍ നടന്ന ക്രിമിനല്‍ വിചാരണയിലൂടെ പ്രതികളുടെ ഉത്തരവാദിത്തം വ്യക്തമായതാണെന്ന് അല്‍ഐന്‍ സിവില്‍, കൊമേഴ്സ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി വ്യക്തമാക്കി.
Related News