ഇസ്താംബൂള്‍ - സൗദി അറേബ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി യമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതര്‍ക്കെതിരെ സ്വന്തം സൈന്യത്തെ നേരിട്ട് പോരാട്ടത്തിന് അയക്കില്ലെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി യാഷാര്‍ ഗുലര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച സ്റ്റാര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി തുര്‍ക്കിയുടെ നിലപാട് വ്യക്തമാക്കിയത്.
ഹൂതി മിലിഷ്യയുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് കടക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറില്‍ നല്‍കുന്ന സൈനിക പിന്തുണയ്ക്ക് സമാനമായി, സൗദി അറേബ്യയുടെ പ്രതിരോധവും ആക്രമണ പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുക എന്നത് മാത്രമായിരിക്കും ഈ മേഖലയിലെ തുര്‍ക്കി സൈനിക സഹകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഗുലര്‍ വിശദീകരിച്ചു.
സൗദി അറേബ്യയില്‍നിന്ന് ലഭിക്കുന്ന സൈനിക സഹായ അഭ്യര്‍ത്ഥനകള്‍ തുര്‍ക്കി പരിശോധിക്കുമെന്നും, കരാര്‍ പാര്‍ലമെന്റ് അംഗീകരിച്ച ശേഷം ആവശ്യമായ നിയമപരമായ നടപടിക്രമങ്ങള്‍ക്കും പാര്‍ലമെന്ററി അനുമതിക്കും വിധേയമായി നല്‍കേണ്ട സഹായത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News