റിയാദ് - റിയാദ്, ഖമീസ് മുശൈത്ത്, അബഹ, അല്‍-നമാസ്, തനൂമ എന്നീ നഗരങ്ങളില്‍ ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് ഞായറാഴ്ച അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കകം അപകടസാധ്യത ഒഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
മുന്നറിയിപ്പ് സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ഗ്ലാസ്സ് പ്രതലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും, ബാല്‍ക്കണികളിലും കെട്ടിടങ്ങളുടെ മുകളിലും നില്‍ക്കരുതെന്നും സ്വദേശികളോടും താമസക്കാരോടും സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. കെട്ടിടങ്ങള്‍ക്ക് പുറത്തുള്ളവര്‍ തൊട്ടടുത്ത സുരക്ഷിത താവളങ്ങളിലേക്ക് മാറുകയോ ശക്തമായ തടസ്സങ്ങള്‍ക്ക് പിന്നില്‍ അഭയം പ്രാപിക്കുകയോ ചെയ്യണം.
കൂടാതെ, ആളുകള്‍ ഒത്തുചേരുന്നതും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ അപകടകരമായ ഇടങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഉറവിടമറിയാത്ത വീഡിയോ ക്ലിപ്പുകള്‍ പങ്കുവെക്കരുതെന്നും നിര്‍ദേശമുണ്ട്. മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിന്റെയോ അവ പതിച്ച സ്ഥലങ്ങളുടെയോ ചിത്രങ്ങളോ വിവരങ്ങളോ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചതായി സിവില്‍ ഡിഫന്‍സ് ഓര്‍മ്മിപ്പിച്ചു.
ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Related News