ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയില്‍ ശക്തമായി ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ്. കുറഞ്ഞത് 10 ലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
ഹരിയാന കോണ്‍ഗ്രസ് ചുമതലയുള്ള സഞ്ജയ് ദത്തും സംസ്ഥാന അധ്യക്ഷന്‍ റാവു നരേന്ദ്ര സിങ്ങുമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് വോട്ടര്‍പട്ടികയുടെ വിശ്വാസ്യതയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഓരോ അര്‍ഹനായ പൗരന്റെയും വോട്ടവകാശ സംരക്ഷണവുമെന്ന് നേതാക്കള്‍ പറഞ്ഞു. ഈ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ദേശീയതലത്തില്‍ നടത്തുന്ന 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ) പ്രചാരണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. ഹരിയാനയിലെ എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും ഗ്രാമങ്ങളിലും പോളിങ് ബൂത്തുകളിലും പ്രചാരണം എത്തിക്കുന്നതിനുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
നവംബര്‍ ഒന്നിലെ റാലിയില്‍ ഹരിയാനയില്‍നിന്ന് വലിയ പങ്കാളിത്തം ഉറപ്പാക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും എസ്‌ഐആറിലും ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണങ്ങള്‍ക്കെതിരായ 'ഡല്‍ഹി ചലോ' മാര്‍ച്ചിന്റെ സമാപനമായാണ് രാംലീല മൈതാനത്തെ റാലിയെ ഇന്ത്യാ സഖ്യം വിശേഷിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നിഷ്പക്ഷവുമാണെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. അര്‍ഹരായ പൗരന്മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയും പട്ടിക പരിഷ്‌കരണത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പൊരുത്തക്കേടുകളും ഗൗരവമായി പരിശോധിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത സംബന്ധിച്ച ആശങ്കകള്‍ ഗ്യാനേഷ് കുമാര്‍ സ്ഥാനത്തുള്ളിടത്തോളം ഫലപ്രദമായി പരിഹരിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയോ നിയമലംഘനം നടത്തുകയോ ചെയ്തതിന് അന്വേഷണത്തില്‍ അദ്ദേഹം ഉത്തരവാദിയാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ ഇന്ദിരാഭവനില്‍ ഹരിയാനയിലെ പാര്‍ട്ടി നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം വിളിച്ചിരുന്നു. റാലിയുടെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തിയതായി ദത്ത് അറിയിച്ചു.
Related News