ഒട്ടാവ: അഞ്ചു വയസ്സുകാരനായ അര്‍ജുന്‍ പ്രജാപതിക്ക് ലോകം ചോദ്യങ്ങളുടെ വലിയൊരു പുസ്തകമാണ്. അനന്തത, തമോഗര്‍ത്തങ്ങള്‍, മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനം, ജനിതകശാസ്ത്രം തുടങ്ങി പ്രായത്തിനപ്പുറമുള്ള വിഷയങ്ങളിലാണ് ഈ ഇന്ത്യന്‍ വംശജനായ ബാലന്റെ താല്‍പര്യം. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് കാനഡയില്‍ കുടിയേറിയ കുടുംബത്തില്‍ ജനിച്ച അര്‍ജുന്‍ ഇതിനകം 3,000ത്തിലധികം പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞു. അര്‍ജുന്റെ ഐക്യു 141 ആണെന്ന് ഔദ്യോഗിക ബുദ്ധിശേഷി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഡോക്ടറും ക്ലിനിക്കല്‍ ഗവേഷകനുമായ ഡോ. വിശാല്‍ വി. പ്രജാപതിയുടെയും അഭിഭാഷകയായ മഹിതയുടെയും മകനാണ് അര്‍ജുന്‍. ഏകദേശം 18 മാസം പ്രായമുള്ളപ്പോള്‍ തന്നെ വായനയോട് താല്‍പര്യം പ്രകടിപ്പിച്ചുതുടങ്ങിയ അര്‍ജുന്‍ നാലാം വയസ്സില്‍ മെന്‍സ, ഇന്റര്‍ടെല്‍ എന്നീ അന്താരാഷ്ട്ര ഉയര്‍ന്ന ബുദ്ധിശേഷി സംഘടനകളില്‍ അംഗത്വം നേടി.
2026 ജൂണ്‍ 11ലെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അര്‍ജുന്റെ സമഗ്ര ഐക്യു 141 ആണ്. ബുദ്ധിശേഷിയില്‍ 149ഉം പ്രവര്‍ത്തനസ്മരണയില്‍ 146ഉം സ്‌കോര്‍ ലഭിച്ചു. ബുദ്ധിശേഷിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന മികവുള്ള വിഭാഗത്തിലാണ് അര്‍ജുന്‍ ഉള്‍പ്പെടുന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും അര്‍ജുനെ അഭിനന്ദിച്ചിട്ടുണ്ട്.
ഗണിതം, ജ്യോതിശാസ്ത്രം, ഭൂമിയുടെ ഘടന, ദിനോസറുകള്‍, മനുഷ്യശരീരശാസ്ത്രം, കോശശാസ്ത്രം എന്നിവയാണ് അര്‍ജുന്റെ ഇഷ്ടവിഷയങ്ങള്‍. ഒന്നു മുതല്‍ 20 വരെയുള്ള ഗുണനപ്പട്ടികകള്‍ അറിയുന്ന അര്‍ജുന്‍ സംഖ്യാക്രമങ്ങളും യുക്തിചിന്തയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആസ്വദിക്കുന്നു. നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ടാലന്റ് ഡെവലപ്‌മെന്റിലൂടെ മനുഷ്യശരീരശാസ്ത്രത്തിലും കോശജീവശാസ്ത്രത്തിലും പഠനപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
വൈറസുകളെ പ്രതിരോധിക്കാന്‍ വെളുത്ത രക്താണുക്കള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും മനുഷ്യപ്രത്യുല്‍പാദനത്തെക്കുറിച്ചും അര്‍ജുന്‍ വീട്ടില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. പരിക്കേറ്റപ്പോള്‍ എക്‌സ്‌റേ എടുക്കാമോയെന്ന് ഡോക്ടറോട് ചോദിച്ച സംഭവവും മാതാപിതാക്കള്‍ ഓര്‍ക്കുന്നു.
അര്‍ജുന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് വീട്ടിലെ പഠനം. പുസ്തകങ്ങള്‍ക്കൊപ്പം സംഗീതം, ചിത്രരചന, കളി, സുഹൃത്തുക്കളോടൊപ്പമുള്ള സമയം എന്നിവയ്ക്കും മാതാപിതാക്കള്‍ പ്രാധാന്യം നല്‍കുന്നു. ബുദ്ധിശേഷി ഒരു കുട്ടിയുടെ വ്യക്തിത്വത്തെ നിര്‍വചിക്കരുതെന്നും മാര്‍ക്കിനോ നേട്ടങ്ങള്‍ക്കോ അമിതപ്രാധാന്യം നല്‍കരുതെന്നും ഡോ. പ്രജാപതി പറയുന്നു.
ഭാവിയില്‍ ഗണിതം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, സംഗീതം തുടങ്ങി ഏതു മേഖലയിലേക്കു പോകണമെന്ന് അര്‍ജുന്‍ തന്നെ തീരുമാനിക്കട്ടെയെന്നാണ് മാതാപിതാക്കളുടെ നിലപാട്. ബുദ്ധിശേഷിക്കൊപ്പം ജിജ്ഞാസയും സഹാനുഭൂതിയും ക്ഷമയും സ്വതന്ത്രമായി പഠിക്കാനുള്ള അവസരവുമാണ് പ്രധാനമെന്ന് കുടുംബം വിശ്വസിക്കുന്നു.
Related News