ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത മൂര്‍ഛിച്ചെന്ന് ബി.ജെ.പി. രാഹുലില്‍ വിശ്വാസം നഷ്ടപ്പെട്ട പ്രിയങ്ക മകന്‍ റയ്ഹാന്‍ വാദ്രയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും ബി.ജെ.പി ആരോപിച്ചു. റായ്ഹാന്‍ വാദ്രയുടെ ഫോട്ടോ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം രാഹുല്‍ ഗാന്ധി-പ്രിയങ്ക ഗാന്ധി വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതയുടെ തെളിവാണ്. റയ്ഹാന്റെ ഫോട്ടോ പ്രദര്‍ശനം തടഞ്ഞുവെന്ന ആരോപണത്തില്‍ രാഹുല്‍ പ്രതികരിക്കാത്തത് ഈ ഭിന്നത കാരണമാണ് -ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. മകന്‍ റയ്ഹാനെ രാഷ്ട്രീയ രംഗത്തേക്ക് അവതരിപ്പിക്കുന്നതിനായി പ്രിയങ്ക വിവാദം സൃഷ്ടിക്കുകയാണെന്നും ഭണ്ഡാരി ആരോപിച്ചു.
റയ്ഹാന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍നിന്ന് നീക്കിയ സംഭവത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്ന് ഭണ്ഡാരി എക്‌സില്‍ കുറിച്ചു. വിയറ്റ്‌നാമില്‍ സ്വകാര്യ സന്ദര്‍ശനത്തിലാണ് രാഹുല്‍ ഗാന്ധി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളില്‍ രാഹുലും പ്രിയങ്കയും ഒരുമിച്ച് പങ്കെടുത്തിരുന്നു.
ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ സംഘടിപ്പിച്ച 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പ്രദര്‍ശനത്തില്‍നിന്ന് വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച ഫോട്ടോകള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ നീക്കിയെന്നാണ് റയ്ഹാന്‍ വാദ്ര ആരോപിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം പ്രദര്‍ശനം ആരംഭിക്കാനിരിക്കെ 105 ചിത്രങ്ങളില്‍ 74 എണ്ണം നീക്കാനോ പകരം ചിത്രങ്ങള്‍ സ്ഥാപിക്കാനോ അധികൃതര്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
പ്രദര്‍ശനം തുടങ്ങിയപ്പോള്‍ 35 ഫ്രെയിമുകള്‍ മാത്രമാണ് അവശേഷിച്ചതെന്നും മൂന്നു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായിരുന്നു ചിത്രശേഖരമെന്നും റയ്ഹാന്‍ വ്യക്തമാക്കി. ഒക്ടോബര്‍ 15ന് പ്രദര്‍ശനത്തിന്റെ രൂപരേഖ ബിക്കാനീര്‍ ഹൗസിന് കൈമാറിയിരുന്നെന്നും അതിന് അംഗീകാരം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഇതെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ചിത്രങ്ങള്‍ നീക്കാനുള്ള നിര്‍ദേശം പ്രദര്‍ശനം തുടങ്ങിയ ശേഷമാണ് ഉയര്‍ന്നതെന്ന് റയ്ഹാന്റെ പിതാവ് റോബര്‍ട്ട് വാദ്രയും ആരോപിച്ചു. വേദിയുടെ നയങ്ങളുമായി പൊരുത്തപ്പെടാത്ത ചിത്രങ്ങളാണ് നീക്കിയതെന്നാണ് ബിക്കാനീര്‍ ഹൗസിന്റെ വിശദീകരണം.
ബിക്കാനീര്‍ ഹൗസിന് റയ്ഹാന്‍ നല്‍കിയ ഇമെയിലുകളുടെയും പ്രദര്‍ശന നിര്‍ദേശത്തിന്റെയും വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ മറുവാദം. പ്രകൃതി, വന്യജീവികള്‍, ഛായാചിത്രങ്ങള്‍, ശില്‍പങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ആദ്യ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ ഉള്ളടക്കം പരാമര്‍ശിച്ചിരുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.
ജൂണ്‍ 30ന് പ്രദര്‍ശന നിര്‍ദേശം അംഗീകരിച്ചിരുന്നുവെന്നും ഒക്ടോബര്‍ 21ന് 74 ചിത്രങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ട് ബിക്കാനീര്‍ ഹൗസ് നോട്ടീസ് നല്‍കിയെന്നുമാണ് ബിജെപി പറയുന്നത്. കുടുംബത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് റയ്ഹാന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനായി പിന്നീട് രാഷ്ട്രീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണെന്നും ഭണ്ഡാരി ആരോപിച്ചു.
Related News