ന്യൂഡല്‍ഹി - ക്യാമ്പസ് യൂണിയന്‍ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ എല്ലാ ക്ലാസുകളും അടിയന്തരമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റി. ശനിയാഴ്ച നടന്ന സംഭവത്തെ തുടര്‍ന്ന് ക്യാമ്പസില്‍ വന്‍ സംഘര്‍ഷാവസ്ഥയാണ് ഉടലെടുത്തത്.
പ്രതിഷേധക്കാരെ നിരീക്ഷിച്ചുകൊണ്ടിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നതിനായി സ്ഥാപിച്ചിരുന്ന കൂടാരങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. വിദ്യാര്‍ത്ഥികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടാകുന്നതും ചില പ്രതിഷേധക്കാര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2006-ല്‍ ക്യാമ്പസിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ട ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 12 മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിവരികയാണ്. ഇതിനിടെ ക്യാമ്പസില്‍ പ്രത്യക്ഷപ്പെട്ട ചില പോസ്റ്ററുകളും മുദ്രാവാക്യങ്ങളും വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് തീവ്രവാദ വിരുദ്ധ കുറ്റച്ചുമത്തി ജയിലില്‍ കഴിയുന്ന ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ മോചിപ്പിക്കണമെന്ന ആവശ്യപ്പെടുന്ന പോസ്റ്ററുകളും സമരസ്ഥലത്ത് ഉയര്‍ന്നു.
Related News