ചെന്നൈ - തമിഴ്നാട്ടില്‍ എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ നികുതി ഗണ്യമായി കുറച്ച ടി.വി.കെ സര്‍ക്കാരിനും മുഖ്യമന്ത്രി വിജയിക്കും കേന്ദ്ര സര്‍ക്കാരിന്റെ അപൂര്‍വ്വ പ്രശംസ. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനമാണിത്. ചെന്നൈ വിമാനത്താവളത്തിലെ ഇന്ധന നികുതി 29 ശതമാനത്തില്‍ നിന്ന് 16 ശതമാനമായും, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ ഒരു ശതമാനമായുമാണ് തമിഴ്നാട് സര്‍ക്കാര്‍ കുറച്ചത്.
തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. എവിയേഷന്‍ മേഖലയ്ക്ക് ഇതൊരു മികച്ച ചുവടുവെപ്പാണെന്നും, മുന്‍കൈ എടുത്ത മുഖ്യമന്ത്രി വിജയിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. വ്യോമയാന യാത്രകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാക്കി മാറ്റാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും, യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജി.എസ്.ടി പരിധിക്ക് പുറത്തുള്ള ഇന്ധനമായതിനാല്‍ എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് മേല്‍ സ്വന്തം നിലയില്‍ മൂല്യവര്‍ദ്ധിത നികുതി ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്.
Related News