ജിദ്ദ: വിമാന സര്‍വീസുകള്‍ മുടങ്ങിയതിനെത്തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ത്ഥാടകരുടെയും യാത്രക്കാരുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികളുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രംഗത്ത്. വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതുമൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുന്നതായി കോണ്‍സുലേറ്റ് അറിയിച്ചു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ യാത്രക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ കോണ്‍സുലേറ്റ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്: വിസ കാലാവധി പൂര്‍ത്തിയാകുന്നത് സംബന്ധിച്ച ആശങ്കകളും, വിമാനങ്ങള്‍ വൈകുന്നത് മൂലം യാത്രയിലുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവരുമായി കോണ്‍സുലേറ്റ് നിരന്തരമായ ആശയവിനിമയവും ഇടപെടലുകളും നടത്തിവരികയാണ്.
ജിദ്ദയിലും മക്കയിലും പ്രയാസപ്പെടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായം തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷണം, അടിയന്തര മരുന്നുകള്‍, മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ എന്നിവ സാധ്യമാകുന്ന ഇടങ്ങളിലെല്ലാം എത്തിച്ചു നല്‍കുന്നുണ്ട്. യാത്രക്കാര്‍ ആരും തന്നെ പരിഭ്രാന്തരാകേണ്ടതില്ലെന്നും, കോണ്‍സുലേറ്റിന്റെ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Related News