മാവൂർ : ഊർക്കടവ് ചാലിയാറിൽ കവണക്കല്ല് പാലത്തിന് സമീപം മീൻപിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് യുവാവിനെ കാണാതായി.
പെരുവയൽ മുണ്ടക്കൽ സ്വദേശിയും സൈനികനുമായ സുധീഷിനെയാണ് കാണാതായത്. മൂന്ന് ദിവസം മുമ്പാണ് സുധീഷ് ലീവിന് നാട്ടിലെത്തിയത്.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.
മത്സ്യം പിടിക്കാൻ വല വീശുന്നതിനിടയിൽ കാലുതെറ്റി ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഊർക്കടവിൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ പുഴയിൽ വലിയതോതിൽ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. പുഴയിൽ വീണതിനെത്തുടർന്ന് യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.
തുടർന്ന് മാവൂർ ഫയർ ഫോഴ്സ് യൂണിറ്റിൽ വിവരം അറിയിക്കുകയും, ഫയർ ഫോഴ്സ് യൂണിറ്റും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തുറന്ന ഷട്ടറുകൾ അടച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. എങ്കിലും പ്രതികൂല കാലാവസ്ഥയും പുഴയിലെ കലങ്ങിയ വെള്ളവും തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ട്. അൽപ്പനേരം കൂടി തിരച്ചിൽ നടത്തിയ ശേഷം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് മാവൂർ ഫയർ ഫോഴ്സ് യൂണിറ്റ് അറിയിച്ചു.
Related News