തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ശക്തമായ മഴ പെയ്യുന്നത് മിന്നല്‍പ്രളയത്തിനും തോടുകള്‍ കരകവിഞ്ഞൊഴുകുന്നതിനും നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്നതിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ആവശ്യമായാല്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ശക്തമായ മഴയുള്ളപ്പോള്‍ പുഴകള്‍ മുറിച്ചുകടക്കരുതെന്നും ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നതുവരെ വെള്ളച്ചാട്ടങ്ങള്‍, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി സാമൂഹികമാധ്യമ കുറിപ്പില്‍ വ്യക്തമാക്കി.
പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഞായറാഴ്ച അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളജുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലും അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല. നേരത്തേ നിശ്ചയിച്ച സര്‍വകലാശാലാ പരീക്ഷകള്‍ക്കും പൊതുപരീക്ഷകള്‍ക്കും അവധി ബാധകമാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Related News