l o a d i n g

കായികം

കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം

Thumbnail
Publisher By     Staff Reporter
October 25, 2026



കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ കായികതാരങ്ങളുടെ മികവ് മാറ്റുരയ്ക്കുന്ന 68ാമത് കേരള സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി. ഇന്ന് മുതല്‍ 31 വരെ ഏഴുദിവസം നീളുന്ന മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രി എന്‍. ശംസുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.
ഏഷ്യയിലെ വലിയ സ്‌കൂള്‍തല കായിക സംഗമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മേളയില്‍ കായികതാരങ്ങള്‍, ടീം മാനേജര്‍മാര്‍, ഉദ്യോഗസ്ഥര്‍, സംഘാടകര്‍ എന്നിവരടക്കം ഏകദേശം 15,000 പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി 4,000 കായികതാരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും 3,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ പത്ത് വേദികളിലായാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുന്നമംഗലം എം.എല്‍.എ എം.എ. റസാഖ് മാസ്റ്ററുടെ നേതൃത്വത്തില്‍ 17 ഉപസമിതികള്‍ മേളയുടെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു. 620 ഉദ്യോഗസ്ഥര്‍, 140 സെലക്ടര്‍മാര്‍, 100 സാങ്കേതിക ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
എന്‍.ഐ.ടി കോഴിക്കോട് ക്യാമ്പസിലെ നവീകരിച്ച കായികമൈതാനവും സിന്തറ്റിക് ട്രാക്കുമാണ് അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ പ്രധാന വേദി. ഒക്ടോബര്‍ 27ന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ആരംഭിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഏകദേശം 2,800 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബര്‍ 30ന് ക്രോസ് കണ്‍ട്രി മത്സരങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള ഇന്‍ക്ലൂസീവ് അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ മത്സരങ്ങളും എന്‍.ഐ.ടി ക്യാമ്പസില്‍ നടക്കും.
ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ ബാഡ്മിന്റണ്‍, ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടക്കും. പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് ചെവായൂര്‍ പ്രസന്റേഷന്‍ എച്ച്.എസ്.എസും ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ക്ക് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളും വേദിയാകും.
കുന്നമംഗലം എച്ച്.എസ്.എസില്‍ വടംവലിയും ഇന്‍ക്ലൂസീവ് ക്രിക്കറ്റും നടക്കും. കരാട്ടെ, വുഷു, സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ കൊടിയത്തൂര്‍ പി.ടി.എം എച്ച്.എസ്.എസിലും വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂളിലുമായി സംഘടിപ്പിക്കും. ചാത്തമംഗലം ആര്‍.ഇ.സി ഗവ. വൊക്കേഷനല്‍ എച്ച്.എസ്.എസില്‍ യോഗയും പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂളില്‍ നെറ്റ്‌ബോള്‍, ത്രോബോള്‍ മത്സരങ്ങളും നടക്കും.
മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇന്‍ക്ലൂസീവ് കായികമത്സരങ്ങളാണ്. ഒക്ടോബര്‍ 26ന് നടക്കുന്ന മത്സരങ്ങളില്‍ 2,000ത്തിലധികം കുട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
മേളയ്ക്കായി താമസസൗകര്യങ്ങളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. കായികതാരങ്ങള്‍ക്കും ടീം മാനേജര്‍മാര്‍ക്കുമായി 50 സ്‌കൂളുകളിലെ ഏകദേശം 450 ക്ലാസ് മുറികള്‍ താമസസൗകര്യത്തിനായി സജ്ജമാക്കുന്നു. ഭക്ഷണവിതരണത്തിനായി രണ്ട് പ്രധാന അടുക്കളകള്‍ പ്രവര്‍ത്തിക്കും. മത്സരവേദികളില്‍ പ്രത്യേക ഭക്ഷണവിതരണ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. താമസകേന്ദ്രങ്ങളില്‍നിന്ന് മത്സരവേദികളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകളും ഏര്‍പ്പെടുത്തും.
കൊല്ലം ജില്ലയിലെ കെ.എന്‍.എന്‍.എം എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍.എസ്. ലക്ഷ്മി നന്ദനയാണ് മേളയുടെ ഭാഗ്യചിഹ്നമായ 'കുട്ടു' രൂപകല്‍പ്പന ചെയ്തത്.
ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ഥികളും ഇത്തവണ മേളയില്‍ പങ്കെടുക്കുന്നുണ്ട്. അത്‌ലറ്റിക്‌സ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ ഗള്‍ഫില്‍നിന്ന് 48 താരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ.

Latest News

കൗമാര കായിക മാമാങ്കത്തിന്  കോഴിക്കോട്ട് ആവേശത്തുടക്കം
കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം
October 25, 2026
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
October 25, 2026
അതിതീവ്രമഴയ്ക്ക് സാധ്യത;  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
October 25, 2026
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
October 25, 2026
 വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
October 25, 2026
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
October 25, 2026
  മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
October 25, 2026
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
October 25, 2026
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
October 24, 2026
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
October 24, 2026