മുംബൈ: ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ആദ്യ ലക്ഷ്യം ബോളിവുഡ് നടന്‍ ആമിര്‍ ഖാനായിരുന്നുവെന്ന് സൂചന. നടന്‍ ടൈഗര്‍ ഷ്‌റോഫിലേക്ക് പിന്നീട് എത്തുകയായിരുന്നു. ഷ്‌റോഫിന്റെ കാറിനുനേരെ വെടിവെച്ച കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് ഇക്കാര്യം പോലീസ് മനസ്സിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ താമസിക്കുന്നതിനിടെ ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ എന്നിവരുടെ വസതികള്‍ സംഘം നിരീക്ഷിച്ചിരുന്നതായി പൊലീസിനോട് വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.
സംഘത്തിന്റെ ആദ്യ ലക്ഷ്യം ആമിര്‍ ഖാനായിരുന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം ആ പദ്ധതി ഉപേക്ഷിച്ചെന്നുമാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്കു സമീപം സംഘം ഏകദേശം ഒരു മാസത്തോളം നിരീക്ഷണം നടത്തിയതായും മൂന്നു തവണ പ്രദേശത്തെത്തി വിവരങ്ങള്‍ ശേഖരിച്ചതായും മുംബൈ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, നടന്‍ പലപ്പോഴും സിനിമാ ചിത്രീകരണത്തിനായി പുറത്തായിരിക്കുകയോ ദീര്‍ഘനേരം വീട്ടിനുള്ളില്‍ കഴിയുകയോ ചെയ്തിരുന്നതിനാല്‍ അദ്ദേഹത്തെ സമീപിക്കാന്‍ പ്രയാസമായിരുന്നു.
സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് സമീപവും പ്രതികള്‍ നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അവിടത്തെ കര്‍ശന സുരക്ഷ മറികടക്കുക പ്രയാസമാണെന്ന് മനസ്സിലാക്കിയതോടെ മറ്റ് താരങ്ങളെ ലക്ഷ്യമിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഒക്ടോബര്‍ 18ന് വൈകുന്നേരം മുംബൈയിലെ ജുഹുവിലാണ് ടൈഗര്‍ ഷ്രോഫിന്റെ കാറിനുനേരെ വെടിവെപ്പുണ്ടായത്. കാറിന്റെ ജനലുകള്‍ അടച്ച നിലയില്‍ ആരാധകരെ അഭിവാദ്യം ചെയ്യുകയായിരുന്ന നടനുനേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നടന്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും െ്രെഡവര്‍ക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു.
അഞ്ചോ ആറോ റൗണ്ട് വെടിയുതിര്‍ത്തതായാണ് മുംബൈ പൊലീസിന്റെ കണക്ക്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നായി ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട അനില്‍ പണ്ഡിറ്റിനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ളയാളായാണ് ഇയാളെ പൊലീസ് സംശയിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെയും റീല്‍സുകളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ടൈഗര്‍ ഷ്രോഫ് എല്ലാ ഞായറാഴ്ചയും ജുഹുവിലെ പുഷ്പ നര്‍സി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്താറുണ്ടെന്ന് പ്രതികള്‍ മനസ്സിലാക്കിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. നടനെ സമീപിക്കാന്‍ എളുപ്പമാണെന്നും കനത്ത സുരക്ഷയില്ലെന്നും കരുതിയാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡില്‍ ഭീതി സൃഷ്ടിക്കുകയും പ്രമുഖ താരത്തെ ലക്ഷ്യമിട്ട് സംഘത്തിന്റെ സാന്നിധ്യം അറിയിക്കുകയുമായിരുന്നു ഗൂഢാലോചനയുടെ ഉദ്ദേശ്യമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
ആമിര്‍ ഖാന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഓഡിയോ ക്ലിപ്പും സമൂഹമാധ്യമ പോസ്റ്റും പ്രചരിച്ചിരുന്നു. അര്‍സൂ ബിഷ്‌ണോയ്, ടൈസണ്‍ ബിഷ്‌ണോയ് എന്നീ പേരുകളിലുള്ളവരുടേതെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളില്‍, നടന്റെ വിവാഹം 'ലവ് ജിഹാദ്' ആണെന്നും സനാതന സംസ്‌കാരത്തിന് എതിരാണെന്നും ആരോപിച്ച് അദ്ദേഹത്തെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
Related News