റിയാദ്: സൗദി അറേബ്യയിലെ തായിഫ്, റിയാദ് എന്നീ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതി തീവ്രവാദികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു തകര്‍ത്തതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു.
തായിഫിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമപ്രതിരോധ സേന തടഞ്ഞു തകര്‍ത്തു. പുറമെ റിയാദിന് നേരെ ഹൂതികള്‍ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി മേജര്‍ ജനറല്‍ വ്യക്തമാക്കി.
മിസൈലുകള്‍ ആകാശത്തുവെച്ച് തകര്‍ത്തതിനെ തുടര്‍ന്ന് അവയുടെ അവശിഷ്ടങ്ങള്‍ റിയാദില്‍ വീണു. സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിനും സമീപത്തുണ്ടായിരുന്ന വാഹനത്തിനും ഭൗതികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന പ്രാഥമിക സുരക്ഷാ നടപടികള്‍ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Related News