ഹൈബറി: ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷിയായി എഫ്.എ കപ്പ് പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ആഴ്‌സനലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി നാലാം ഡിവിഷന്‍ ക്ലബ്ബ് ഫ്‌ലീറ്റ്‌വുഡ് ടൗണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീമിയര്‍ ലീഗിനും ഇ.എഫ്.എല്‍ ചാമ്പ്യന്‍ഷിപ്പിനും ലീഗ് ഒന്നിനും പിന്നിലുള്ള ലീഗാണ് ലീഗ് 2. നിശ്ചിത സമയത്ത് 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്‌ലീറ്റ്‌വുഡിന്റെ ചരിത്രവിജയം.
ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ശ്രേണിയില്‍ ആഴ്‌സനലിനേക്കാള്‍ 84 സ്ഥാനങ്ങള്‍ താഴെയുള്ള ഫ്‌ലീറ്റ്‌വുഡിനെതിരെ മൈക്കല്‍ ആര്‍ട്ടേറ്റയുടെ സംഘത്തിന് പ്രതീക്ഷിച്ച ആധിപത്യം പുലര്‍ത്താനായില്ല. 21ാം മിനിറ്റില്‍ ആരോണ്‍ ലൂപാലോബി ആതിഥേയര്‍ക്കായി ഗോള്‍ നേടിയതോടെ ആഴ്‌സനല്‍ ഞെട്ടി. മാര്‍ലി സാല്‍മണിനെ മറികടന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ഇല്ലാന്‍ മെസ്ലിയറെ കീഴടക്കിയായിരുന്നു ഗോള്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിക്ടര്‍ ഗ്യോക്കറസ് ആഴ്‌സനലിനായി സമനില ഗോള്‍ നേടി. എന്നാല്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും വിജയഗോള്‍ നേടാന്‍ സന്ദര്‍ശകര്‍ക്കായില്ല. 26 ഷോട്ടുകളും ഫ്‌ലീറ്റ്‌വുഡിന്റെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ 59 തവണ പന്തുതൊട്ടതും ആഴ്‌സനലിന്റെ ആക്രമണത്തിന്റെ കണക്കുകളായിരുന്നെങ്കിലും ഒരു ഗോള്‍ മാത്രമാണ് നേടാനായത്.
മത്സരത്തിന്റെ 86ാം മിനിറ്റില്‍ ആഴ്‌സനലിന്റെ 16കാരനായ മാക്‌സ് ഡൗമാന്‍ ചുവപ്പുകാര്‍ഡ് കണ്ടത് ടീമിന് തിരിച്ചടിയായി. ഹാരിസണ്‍ നീലിന്റെ കടുത്ത ടാക്കിളിനുശേഷം തിരിച്ചടിക്കുന്ന രീതിയില്‍ കാല്‍ വീശിയതാണ് താരത്തിന് പുറത്തേക്കുള്ള വഴി തുറന്നത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബെന്‍ വൈറ്റിന്റെയും മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെയും ശ്രമങ്ങള്‍ തടഞ്ഞ ഫ്‌ലീറ്റ്‌വുഡ് ഗോള്‍കീപ്പര്‍ ജെയ് ലിഞ്ച് ടീമിനെ ഷൂട്ടൗട്ടിലെത്തിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലും ലിഞ്ച് മിന്നുന്ന പ്രകടനം തുടര്‍ന്നു. ബ്രൂണോ ഗിമറെയ്‌സിന്റെ കിക്ക് തടഞ്ഞതോടെ ആഴ്‌സനലിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
ഒടുവില്‍ കോണര്‍ ഹോഗി വിജയപെനാല്‍റ്റി വലയിലെത്തിച്ചതോടെ ഹൈബറി സ്‌റ്റേഡിയം ആഘോഷത്തില്‍ മുങ്ങി. ആരാധകര്‍ മൈതാനത്തേക്ക് ഒഴുകിയെത്തി. മത്സരശേഷം പരിശീലകന്‍ മാറ്റ് ലോലര്‍ വികാരാധീനനായി കണ്ണീരൊഴുക്കി. താരങ്ങളും ആരാധകരും ഒരുപോലെ ചരിത്രവിജയം ആഘോഷിച്ചു.
ചെല്‍സി-ലിവര്‍പൂള്‍ മത്സരത്തിനുശേഷം നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് ഫ്‌ലീറ്റ്‌വുഡിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളികളെ തീരുമാനിക്കുക.
ആഴ്‌സനലിനെപ്പോലൊരു വമ്പന്‍ ടീമിനെ പുറത്താക്കിയതോടെ ഫഌറ്റ്‌വുഡ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ആഘോഷ രാത്രികളിലൊന്നായി ഈ വിജയം മാറി.
Related News