ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ, ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) പ്രഥമ സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തിലേക്ക് പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ. നവംബര്‍ 20 മുതല്‍ 22 വരെ ന്യൂഡല്‍ഹിയിലാണ് സമ്മേളനം നടക്കുക. 2025 മേയിലെ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം പാകിസ്താന്‍ മന്ത്രിക്ക് ഇന്ത്യ നല്‍കുന്ന ആദ്യ ക്ഷണമാണ് ഇത്.
പാകിസ്താന്റെ ദേശീയ പൈതൃകസാംസ്‌കാരിക മന്ത്രി ഔറംഗസേബ് ഖാന്‍ ഖിച്ചിയും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തില്‍ പാകിസ്താന്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.
ന്യൂഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ. 25ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫോറത്തില്‍ സാംസ്‌കാരികവും നാഗരികവുമായ പൈതൃകങ്ങളുടെ കൈമാറ്റത്തിനായിരിക്കും പ്രധാന പരിഗണന.
2025ല്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയാണ് ഇത്തരമൊരു വേദി രൂപീകരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. പിന്നീട് സംഘടന ഈ നിര്‍ദേശം അംഗീകരിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
റഷ്യ, ചൈന, യുഎഇ, ഇറാന്‍, ബെലാറസ് എന്നിവയുള്‍പ്പെടെ എസ്‌സിഒയിലെ പത്ത് അംഗരാജ്യങ്ങളിലെയും സാംസ്‌കാരിക മന്ത്രിമാര്‍ക്ക് ക്ഷണം നല്‍കിയിട്ടുണ്ട്. നിരീക്ഷക രാജ്യങ്ങളിലെയും സംവാദ പങ്കാളി രാജ്യങ്ങളിലെയും പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.
ഖിച്ചി പങ്കെടുക്കുകയാണെങ്കില്‍ 2023ലെ ഗോവയില്‍ നടന്ന എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം ഒരു പാകിസ്താന്‍ മന്ത്രിയുടെ പ്രഥമ ഇന്ത്യാ സന്ദര്‍ശനമാകും ഇത്. അന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
2025 ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. അതിര്‍ത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടരുകയാണ്.
എസ്.സി.ഒ പോലുള്ള ബഹുരാഷ്ട്ര വേദികളിലൂടെ പരിമിതമായ നയതന്ത്ര ഇടപെടലുകള്‍ ഇന്ത്യ തുടരുന്നുണ്ട്. 2026 സെപ്റ്റംബറില്‍ എസ്.സി.ഒ ദേശീയ കോര്‍ഡിനേറ്റര്‍ അലോക് ദിംരി, സംഘടനയുടെ അടുത്ത അധ്യക്ഷപദവി പാകിസ്താന്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇസ്ലാമാബാദ് സന്ദര്‍ശിച്ചിരുന്നു. 2027 ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന എസ്.സി.ഒ നേതൃഉച്ചകോടിക്കുള്ള ഒരുക്കങ്ങളും ചര്‍ച്ചകളുടെ ഭാഗമാണ്.
ഇന്ത്യയുടെ ക്ഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രബന്ധത്തില്‍ വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് പറയാനാകില്ലെങ്കിലും, എസ്.സി.ഒയുടെ ചട്ടക്കൂടിനുള്ളില്‍ സാംസ്‌കാരിക സഹകരണത്തിനുള്ള പരിമിതമായ അവസരമായാണ് ഇതിനെ വിലയിരുത്തുന്നത്.
Related News