കൊച്ചി: പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയുടെ (റെസിഡന്‍ഷ്യല്‍) ഒക്ടോബര്‍ ബാച്ചിന്റെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ് നിര്‍വ്വഹിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷീബ എസ്. അധ്യക്ഷത വഹിച്ചു. എന്‍.ബി.എഫ്.സി. പ്രോജക്റ്റ്‌സ് മാനേജര്‍ സുരേഷ് കെ.വി. സ്വാഗതവും KIED ജൂനിയര്‍ മാനേജര്‍ ദൃശ്യ പി.വി. നന്ദിയും രേഖപ്പെടുത്തി.
എറണാകുളം നിപ്പോണ്‍ കേരള സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) എറണാകുളം ജില്ലാ പ്രസിഡന്റ് ബിനു വി.എം. മുഖ്യാതിഥിയായിരുന്നു. ഫ്രൂട്ടോമാന്‍സ് ഡയറക്ടര്‍ ടോം തോമസ് ആശംസകള്‍ നേര്‍ന്നു.
ഒക്ടോബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന പരിശീലന പരിപാടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 28 പ്രവാസികളാണ് പങ്കെടുക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ (KIED) പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പരിശീലനം നടക്കുന്നത്.
സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് & മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കുവെക്കല്‍ തുടങ്ങി നിരവധി സെഷനുകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പരിപാടി.
സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും പ്രവാസി സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍.ബി.എഫ്.സി. എല്ലാ പ്രവൃത്തിദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് സേവനവും എന്‍.ബി.എഫ്.സി. വഴി ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91-8802012345 (വിദേശത്തു നിന്നും - മിസ്സ്ഡ് കോള്‍ സര്‍വീസ്) എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.
Related News