ജിദ്ദ: പ്ലസ് ടുവിന് ശേഷം യു.ജി. കോഴ്സുകളില്‍ പ്രവേശനം നേടിയ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് (ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍) ജിദ്ദ റീജിയന്‍ കമ്മിറ്റി പ്രഖ്യാപിച്ച 'എഡ്യൂ സ്‌കോളര്‍ഷിപ്പ്' വിതരണം നവംബര്‍ ആദ്യവാരം ആരംഭിക്കും. അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നവംബര്‍ ആദ്യവാരം നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം, തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ് തുക കൈമാറിത്തുടങ്ങും. പ്രവാസി സമൂഹത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി ഐ.സി.എഫ് നടപ്പിലാക്കി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.
പഠന പിന്തുണയ്ക്ക് പുറമേ, വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക മൂല്യങ്ങളും വ്യക്തിത്വ വികസനവും ഉറപ്പുവരുത്തുന്നതിനായി പ്രമുഖ വ്യക്തിത്വങ്ങള്‍ നയിക്കുന്ന പ്രത്യേക പരിശീലന ക്ലാസുകളും എല്ലാ മാസവും സംഘടിപ്പിക്കും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഐ.സി.എഫ് ജിദ്ദ എച്ച്.ആര്‍.ഡി. ഡയറക്ടറേറ്റ് പ്രസിഡന്റ് അബ്ദുല്‍ കലാം അഹ്‌സനി (ചെയര്‍മാന്‍), എഡ്യൂക്കേഷന്‍ സെക്രട്ടറി സൈദ് മുഹമ്മദ് മാസ്റ്റര്‍ (കണ്‍വീനര്‍), യാസര്‍ അറഫാത്ത്, മന്‍സൂര്‍ മാസ്റ്റര്‍, സ്വാദിഖ് ചാലിയാര്‍, സുജീര്‍ പുത്തന്‍പള്ളി, അനസ് ഓച്ചിറ എന്നിവരടങ്ങിയ കോഓര്‍ഡിനേഷന്‍ സമിതി രൂപീകരിച്ചു.
യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, യഹ്യ ഖലീല്‍ നൂറാനി, മുഹ്‌സിന്‍ സഖാഫി, മുഹ്യിദ്ദീന്‍ കുട്ടി സഖാഫി, ഹനീഫ പെരിന്തല്‍മണ്ണ, അബ്ദുല്‍ ഖാദര്‍ സഖാഫി, മുഹ്യിദ്ദീന്‍ വാഴക്കാട്, സിയാദ് ബീമാപ്പള്ളി, ഹനീഫ് ബെര്‍ക്ക തുടങ്ങിയവര്‍ പങ്കെടുത്തു.
Related News