വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നടപടികള്‍ക്കായി അമേരിക്കന്‍ സൈന്യം ഇതുവരെ 47 ശതകോടിയിലധികം ഡോളര്‍ (ഏകദേശം 3.9 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി പെന്റഗണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ പ്രതിരോധ വകുപ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ 25 ശതമാനത്തിലധികം വര്‍ദ്ധനവാണ് നിലവിലെ ചെലവുകളില്‍ ഉണ്ടായിരിക്കുന്നത്.
നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന യു.എസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുദ്ധച്ചെലവിലുണ്ടായ വലിയ വര്‍ദ്ധനവ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായിട്ടുണ്ട്. യുദ്ധം കാരണം ആഗോളതലത്തില്‍ ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ദ്ധനവ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
യുദ്ധത്തില്‍ ഉപയോഗിച്ച മിസൈലുകളും മറ്റ് ആയുധങ്ങളും പുനഃസ്ഥാപിക്കുന്നതിനായി മാത്രം 29 ശതകോടി ഡോളറിലധികം ചെലവ് വരും. കൂടാതെ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങളുടെയും ഉപകരണങ്ങളുടെയും നഷ്ടം പരിഹരിക്കുന്നതിന് ആറ് ശതകോടിയിലധികം ഡോളര്‍ വേറെയും ആവശ്യമാണ്. 2026 ഫെബ്രുവരിയില്‍ ഇസ്രായേലുമായി ചേര്‍ന്ന് ട്രംപ് ആരംഭിച്ച ഈ സൈനിക നടപടി കുറഞ്ഞ സമയത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ സമയം ഉപയോഗിച്ച് ഇറാന്‍ തങ്ങളുടെ ഭൂഗര്‍ഭ കേന്ദ്രങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തിയത് അമേരിക്കക്ക് തിരിച്ചടിയായി. ഇറാന്റെ എണ്ണ വരുമാനം തടയുന്നതിനായി ട്രംപ് നിലവില്‍ ഉപരോധം കര്‍ശനമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ സൈനിക ആക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ പെന്റഗണ്‍ പദ്ധതിയിടുന്നതായാണ് സൂചന. അതേസമയം, ഇറാനിയന്‍ ആക്രമണങ്ങളില്‍ തകര്‍ന്ന യു.എസ് സൈനിക താവളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഭീമമായ ചെലവ് ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Related News