റിയാദ്: അച്ഛനെ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനാണ് അന്ന യുകെയില്‍നിന്ന് റിയാദിലെത്തിയത്. മടങ്ങുമ്പോള്‍ അച്ഛന്‍ ധരിക്കാന്‍ വെള്ള ഷര്‍ട്ടും പാന്റ്‌സും ഷൂവും അവള്‍ കരുതിയിരുന്നു. എന്നാല്‍ ആ വസ്ത്രങ്ങള്‍ അച്ഛന്റെ അവസാന യാത്രയ്ക്കായി കൈമാറേണ്ടിവരുമെന്ന് അവള്‍ കരുതിയിട്ടുണ്ടാകില്ല.
തൃശൂര്‍ ചെറുവള്ളൂര്‍ സ്വദേശി വാഴപ്പിള്ളി ഹൗസില്‍ ഇട്ടേര ദേവസി (67)യുടെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മനസ്സില്‍നിന്ന് മായാതെ നില്‍ക്കുന്നത് മകള്‍ അന്നയുടെ സ്‌നേഹവും കാത്തിരിപ്പുമാണ്. അച്ഛനെ ജീവനോടെ കൂട്ടിക്കൊണ്ടുപോകാനെത്തിയ അവള്‍, ഒടുവില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരത്തിനൊപ്പം മടങ്ങുകയാണ്.
കഴിഞ്ഞ 33 വര്‍ഷമായി പ്രവാസജീവിതം നയിച്ചിരുന്ന ദേവസി ആദ്യകാലത്ത് ഒരു വാട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് അല്‍ ഖര്‍ജില്‍ സ്വന്തമായി ലോണ്ട്രി നടത്തുകയായിരുന്നു.
പക്ഷാഘാതത്തെത്തുടര്‍ന്ന് ആദ്യം അല്‍ ഖര്‍ജിന് സമീപം ദിലത്തിലുള്ള പ്രിന്‍സ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ സൗദ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് റിയാദിലെ ശുമൈസിയിലുള്ള കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. അവിടത്തെ ചികിത്സയ്ക്കുശേഷം വീണ്ടും ദിലത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഒക്ടോബര്‍ 15ന് രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.
യുകെയില്‍ രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അന്ന ഒക്ടോബര്‍ രണ്ടിനാണ് റിയാദിലെത്തിയത്. അച്ഛനെ നാട്ടിലെത്തിച്ച് തുടര്‍ചികിത്സ നല്‍കണമെന്നായിരുന്നു അവളുടെ ആഗ്രഹം.
ഹെല്‍പ്ലൈന്‍ നഴ്‌സ് വഴി ലഭിച്ച ഒരു സഹായാഭ്യര്‍ഥനയിലൂടെയാണ് ഈ കുടുംബവുമായി ഞാന്‍ ബന്ധപ്പെടുന്നത്. രോഗിയെ സ്‌ട്രെച്ചറില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സഹായമായിരുന്നു ആവശ്യം. തുടര്‍ന്ന് അന്നയുമായി സംസാരിച്ചു. ശുമൈസിയിലെ ആശുപത്രിയിലെത്തി ദേവസിയെ കണ്ടശേഷം ഷിഹാബ് കൊട്ടുകാടിനെ വിവരം അറിയിച്ചു. അദ്ദേഹം ആശുപത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും യാത്രയ്ക്കുള്ള നടപടികളില്‍ ഇടപെടുകയും ചെയ്തു.
ദേവസിയുടെ പേരിലുണ്ടായിരുന്ന ഹുറൂബ് യാത്രയ്ക്ക് തടസ്സമായതോടെ അത് നീക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. എംബസി ഉദ്യോഗസ്ഥന്‍ സാബിര്‍ അനുകൂലമായി ഇടപെട്ടു. ഹുറൂബ് നീക്കി എക്‌സിറ്റ് നേടി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു ദേവസിയുടെ മരണം. അതോടെ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍, ഭൗതികശരീരം നാട്ടിലേക്കയയ്ക്കാനുള്ള നടപടികളായി മാറി.
യാത്ര അനിശ്ചിതമായി നീണ്ടപ്പോള്‍ അന്നയോട് ആദ്യം നാട്ടിലേക്ക് മടങ്ങാമെന്നും അച്ഛനെ എത്തിക്കാനുള്ള കാര്യങ്ങള്‍ ഞങ്ങള്‍ നോക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അച്ഛനെ കൊണ്ടുപോകാനാണ് താന്‍ വന്നതെന്നും അദ്ദേഹത്തിനൊപ്പംതന്നെ മടങ്ങണമെന്നുമായിരുന്നു അവളുടെ മറുപടി.
റിയാദ് വിമാനത്താവളം ഏതാനും ദിവസത്തേക്ക് താല്‍ക്കാലികമായി അടച്ചത് യാത്രയ്ക്കുള്ള ശ്രമങ്ങള്‍ക്ക് തടസ്സമായി. പിന്നീട് തുറന്നെങ്കിലും ഭൗതികശരീരം കേരളത്തിലേക്ക് കൊണ്ടുപോകാന്‍ അനുയോജ്യമായ വിമാനസൗകര്യം ലഭിച്ചില്ല. കാര്‍ഗോ സര്‍വീസുകളിലെ തടസ്സങ്ങളും യാത്രാവിമാനങ്ങളില്‍ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള പരിമിതികളും കാരണം മറ്റു വഴികള്‍ അന്വേഷിക്കേണ്ടിവന്നു. ഒടുവിലാണ് ദമാം വഴി കൊച്ചിയിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ലഭിച്ചത്.
ഈ കാത്തിരിപ്പിനിടയിലാണ് അച്ഛനുവേണ്ടി കൊണ്ടുവന്ന വസ്ത്രങ്ങളെക്കുറിച്ച് അന്ന പറഞ്ഞത്. മടക്കയാത്രയില്‍ അച്ഛന്‍ ധരിക്കാനായി കരുതിയ വസ്ത്രങ്ങള്‍തന്നെ അവസാന യാത്രയിലും ധരിപ്പിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം.
അവ ഏറ്റുവാങ്ങിയ നിമിഷം ഞങ്ങളുടെ മനസ്സ് പിടഞ്ഞു. അച്ഛനെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയോടെ ഒരു മകള്‍ കൊണ്ടുവന്നവയായിരുന്നു അവ. അവളുടെ ആഗ്രഹപ്രകാരം ആ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ദേവസിയുടെ ഭൗതികശരീരം അവസാന യാത്രയ്ക്കായി ഒരുക്കിയത്.
ഈ കുടുംബത്തിനൊപ്പം നിന്ന ഷിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ പ്രത്യേകം പറയേണ്ടതാണ്. ഹുറൂബ് നീക്കല്‍, എക്‌സിറ്റ്, ആശുപത്രി പൊലീസ് രേഖകള്‍, എംബാമിങ്, വിമാനയാത്ര എന്നിവയ്ക്കുള്ള നടപടികള്‍ അദ്ദേഹം നിരന്തരം പിന്തുടര്‍ന്നു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ എംബാമിങ്ങിനും ടിക്കറ്റിനും ഉള്‍പ്പെടെയുള്ള പിന്തുണ ലഭ്യമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൊച്ചിയിലെത്തിയശേഷമുള്ള യാത്രയ്ക്കായി നോര്‍ക്കയുടെ ആംബുലന്‍സും അദ്ദേഹം ഏര്‍പ്പാടാക്കി.
രേഖകള്‍ ശരിയാക്കാനായി അദ്ദേഹത്തോടൊപ്പം ദിലത്തിലെ ആശുപത്രിയിലേക്ക് നടത്തിയ യാത്രകളും ഓര്‍മയില്‍ നില്‍ക്കുന്നു. ഒന്നരരണ്ടു മണിക്കൂര്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി ഫോണുകള്‍ വന്നുകൊണ്ടിരുന്നു. ജോലി തര്‍ക്കങ്ങള്‍, ഹുറൂബ്, ഇഖാമ പ്രശ്‌നങ്ങള്‍, ജയിലില്‍ കഴിയുന്നവരുടെ സഹായാഭ്യര്‍ഥനകള്‍ തുടങ്ങി വിവിധ ആവശ്യങ്ങളുമായി ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നുള്ളവരാണ് വിളിച്ചത്. ഓരോരുത്തരെയും ക്ഷമയോടെ കേട്ടും മറുപടി നല്‍കിയും എടുക്കാന്‍ കഴിയാതിരുന്ന കോളുകളിലേക്ക് തിരികെ വിളിച്ചും അദ്ദേഹം യാത്ര തുടര്‍ന്നു. പ്രയാസത്തിലായ ഒരാളെ കേള്‍ക്കാനുള്ള മനസ്സിന്റെ വില ആ യാത്രയില്‍ വീണ്ടും ബോധ്യപ്പെട്ടു.
ദേവസിയുടെ സുഹൃത്ത് റെജികുമാര്‍, നിഷ ബാബു, അഭിലാഷ് മാത്യു, ദിലത്തിലെ ആശുപത്രിയിലെ നഴ്‌സ് ജിഷ അഭിലാഷ്, അല്‍ ഖര്‍ജിലെ ഹെന്റി തോമസ്, രഞ്ജിത രാജന്‍, ജിഷ, സഞ്ജു, ബിന്‍സി, സജീഷ്, ലിജി എന്നിവരും റിയാദ് ഒഐസിസി പ്രവര്‍ത്തകരും വിവിധ ഘട്ടങ്ങളില്‍ കുടുംബത്തിന് പിന്തുണയായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനോടൊപ്പം കുടുംബമായി സൗദിയില്‍ താമസിച്ചിരുന്ന അന്ന പിന്നീട് നാട്ടിലേക്ക് മടങ്ങിയാണ് പഠനം തുടര്‍ന്നത്. ഇത്തവണ റിയാദില്‍ കഴിഞ്ഞ ഇരുപത്തഞ്ച് ദിവസത്തിനിടെ ലഭിച്ച സ്‌നേഹവും കരുതലും ഒരിക്കലും മറക്കാനാകില്ലെന്ന് അവള്‍ പറഞ്ഞു. അച്ഛന്റെ ചികിത്സയ്ക്കും നാട്ടിലേക്കുള്ള യാത്രയ്ക്കും സഹായിച്ച എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അന്ന അറിയിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സാബിറിനും ഷിഹാബ് കൊട്ടുകാടിനും ഷംനാദ് കരുനാഗപ്പള്ളിക്കും അവള്‍ പ്രത്യേകം നന്ദി പറഞ്ഞു.
യാത്രാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഷിഹാബ് കൊട്ടുകാടും ദമാമിലേക്ക് ഒപ്പം പോയി. ഒക്ടോബര്‍ 29ന് പുലര്‍ച്ചെ 12.55ന് ദമാമില്‍നിന്ന് പുറപ്പെടുന്ന ഫ്‌ലൈനാസ് വിമാനത്തിലാണ് ഭൗതികശരീരം കൊണ്ടുപോകുന്നത്. അന്നയും ഇതേ വിമാനത്തില്‍ യാത്ര ചെയ്യും. രാവിലെ 7.55ന് കൊച്ചിയിലെത്തും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്‌കാരം നടക്കും.
ഭാര്യ: ഷൈനി. മക്കള്‍: യുകെയില്‍ രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അന്ന ദേവസി, നാട്ടില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന ആനിറ്റ് ദേവസി.
അച്ഛനെ ജീവനോടെ നാട്ടിലെത്തിക്കണമെന്ന അന്നയുടെ ആഗ്രഹം സഫലമായില്ല. എന്നാല്‍ യാത്ര നീണ്ടപ്പോഴും ആദ്യം നാട്ടിലേക്ക് മടങ്ങാന്‍ അവള്‍ തയ്യാറായില്ല. അച്ഛനൊപ്പം മടങ്ങാനായിരുന്നു അവളുടെ തീരുമാനം.
ആ ദിവസങ്ങളില്‍ അന്നയില്‍ കണ്ടത് അച്ഛനെ സ്‌നേഹിക്കുന്ന ഒരു മകളുടെ കരുതലും പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹത്തിനൊപ്പം നില്‍ക്കാനുള്ള ഉറപ്പുമാണ്. അച്ഛനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ അവള്‍, അവസാന യാത്രയിലും അദ്ദേഹത്തിന് കൂട്ടായി.
ചില ആത്മബന്ധങ്ങളുടെ ആഴം വാക്കുകളില്‍ പറയാനാവില്ല. അന്നയുടെ കാത്തിരിപ്പില്‍ ഞങ്ങള്‍ കണ്ടത് അച്ഛനും മകളും തമ്മിലുള്ള അത്തരമൊരു സ്‌നേഹമായിരുന്നു.
Related News