ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറ്റാച്ച് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടിയുടെ ഭാഗമായി അറ്റാച്ച് ചെയ്ത സ്വത്തുക്കള്‍ക്ക് ഏകദേശം 1,170 കോടി രൂപയുടെ വിപണിമൂല്യമുണ്ടെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.
റാംപൂരിലുള്ള സര്‍വകലാശാലയും ക്യാമ്പസും അസം ഖാന്‍ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ്. സര്‍വകലാശാലയുടെ ഓണററി ചാന്‍സലര്‍ കൂടിയാണ് അദ്ദേഹം.
സര്‍വകലാശാലയുടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഫണ്ടും നിര്‍മാണ സാമഗ്രികളും മറ്റ് പൊതുവിഭവങ്ങളും അനധികൃതമായി വകമാറ്റിയെന്നാണ് ഇ.ഡിയുടെ ആരോപണം. ക്യാമ്പസ് നിര്‍മാണച്ചെലവിന്റെ വലിയൊരു ഭാഗത്തിന് നിയമാനുസൃതമായ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനായില്ലെന്നും 426.46 കോടി രൂപ കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനമായി കണക്കാക്കുന്നതായും ഏജന്‍സി വ്യക്തമാക്കി. ആകെ ചെലവില്‍ 72.63 കോടി രൂപയുടെ മാത്രം സ്രോതസ്സുകള്‍ വിശദീകരിക്കാനായെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ട്രസ്റ്റ് മൂലധനച്ചെലവായി രേഖപ്പെടുത്തിയ 12.29 കോടി രൂപയുടെ സംഭാവനകളും യഥാര്‍ഥമല്ലെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം.
പൊതുമരാമത്ത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്കായി അനുവദിച്ച പണം സര്‍വകലാശാലയുടെ സ്വകാര്യ ക്യാമ്പസിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് ഇ.ഡി പറയുന്നത്. സര്‍ക്കാര്‍ കരാറുകള്‍ ലഭിച്ച ചില കരാറുകാര്‍ പണം സംഭാവനയായി ട്രസ്റ്റിലേക്ക് തിരിച്ചുനല്‍കിയെന്നും ഏജന്‍സി ആരോപിക്കുന്നു.
2015, 2016 വര്‍ഷങ്ങളില്‍ അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയായിരുന്ന അസം ഖാന്റെ വകുപ്പിന് കീഴിലായിരുന്നു സര്‍വകലാശാലാ ക്യാമ്പസില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉത്തര്‍പ്രദേശ് ജല്‍ നിഗം പ്രവര്‍ത്തിച്ചിരുന്നതെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
ഏകദേശം 186 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പ് കരാറുകള്‍ ലഭിച്ച ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, കരാര്‍ തുകയുടെ 30 മുതല്‍ 40 ശതമാനം വരെ സര്‍വകലാശാലയ്ക്കുള്ള നിര്‍മാണ സാമഗ്രികള്‍ വാങ്ങാന്‍ ഉപയോഗിച്ചതായി സമ്മതിച്ചെന്നാണ് ഇ.ഡിയുടെ അവകാശവാദം. മറ്റൊരു സ്ഥാപനത്തിലെ പങ്കാളികള്‍ അസം ഖാന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ട്രസ്റ്റിന് 40 ലക്ഷം രൂപ സംഭാവന നല്‍കിയെന്നും അന്വേഷണത്തില്‍ മൊഴി നല്‍കിയതായി ഏജന്‍സി അറിയിച്ചു.
എം.എല്‍.എ/എം.എല്‍.സി പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 6.6 കോടി രൂപ ചെലവിട്ട് സര്‍വകലാശാലയുടെ സ്വകാര്യ ക്യാമ്പസില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു.
സര്‍വകലാശാലാ ക്യാമ്പസില്‍ പന്തല്‍, ഒ.ബി.സി ആണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍, ആശുപത്രി ബ്ലോക്ക് എന്നിവ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 23.41 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 2015ല്‍ പന്തല്‍ നിര്‍മാണത്തിനായി അനുവദിച്ച 12.16 കോടി രൂപയുമായി ബന്ധപ്പെട്ട നടപടികളിലാണ് ഇ.ഡി പ്രത്യേകമായി ക്രമക്കേട് ആരോപിക്കുന്നത്.
പന്തലിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സാംസ്‌കാരിക വകുപ്പിനായിരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സൗജന്യമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും നിബന്ധനയുണ്ടായിരുന്നുവെന്നാണ് ഇ.ഡി പറയുന്നത്. എന്നാല്‍ 2016ലെ തുടര്‍ ഉത്തരവിലൂടെ പന്തലിന്റെ ഉടമസ്ഥാവകാശം ജൗഹര്‍ സര്‍വകലാശാലയ്ക്ക് കൈമാറുകയും സര്‍ക്കാര്‍ ഉപയോഗത്തിനായി വിട്ടുനല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തതായി ഏജന്‍സി ആരോപിച്ചു.
റാംപൂരിലെ അസീം നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 26 എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്. സര്‍വകലാശാലയ്ക്കായി കര്‍ഷകരുടെ കൃഷിഭൂമി ബലമായി കൈവശപ്പെടുത്തിയെന്ന പരാതികളാണ് ഇവയിലുണ്ടായിരുന്നത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട അസം ഖാന്‍ നിലവില്‍ ജയിലിലാണ്.
Related News