അബുദാബി: ഇസ്രായേലിലേക്ക് പറക്കുകയായിരുന്ന ഫ്‌ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ഒമാനി പൈലറ്റിന്റെ ശ്രമം ജീവന്‍ പണയംവെച്ച് തടഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യു.എ.ഇ ആദരിച്ചു. ബുധനാഴ്ച നടന്ന ചടങ്ങില്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തിന് രാജ്യത്തിന്റെ ഉന്നത ബഹുമതിയായ 'ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് II' സമ്മാനിച്ചു.
ആക്രമണത്തില്‍ സ്മിത് മച്ചാറിന് തലയുടെ പിന്‍ഭാഗത്തേറ്റ ഗുരുതരമായ പരിക്കിന്റെയും തയ്യലുകളുടെയും ദൃശ്യങ്ങള്‍ ചടങ്ങില്‍ വെച്ച് പുറത്തുവന്നു. സെപ്റ്റംബര്‍ 30-ന് FZ1073 വിമാനത്തില്‍ വെച്ചാണ് സഹപൈലറ്റായ ഹമാം അല്‍ ഹമ്മാമി മച്ചാറിനെ കോക്ക്പിറ്റില്‍ വെച്ച് കോടാലി കൊണ്ട് തലയ്ക്ക് പിന്നില്‍ അതിക്രൂരമായി വെട്ടിയത്. തലയോട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും രക്തം വന്‍തോതില്‍ വാര്‍ന്നുപോകുകയും ചെയ്തിട്ടും, മച്ചാര്‍ സമചിത്തത വീണ്ടെടുത്ത് കോക്ക്പിറ്റ് വാതില്‍ തുറക്കുകയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും യാത്രക്കാരും അകത്തുകയറി ആക്രമണകാരിയെ കീഴടക്കുകയുമായിരുന്നു.
ആക്രമണത്തിനിടയില്‍ വിമാനം 17,000 അടി താഴേക്ക് പതിച്ചെങ്കിലും, വിമാനത്തിലുണ്ടായിരുന്ന രണ്ട് മറ്റ് പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം സുരക്ഷിതമായി നിയന്ത്രണത്തിലാക്കി. 174 യാത്രക്കാരുടെ ജീവനാണ് മച്ചാറിന്റെ ധീരത മൂലം രക്ഷപ്പെട്ടത്. സൗദി അറേബ്യയിലെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷമാണ് അദ്ദേഹത്തെ തുടര്‍ചികിത്സക്കായി യു.എ.ഇയിലേക്ക് കൊണ്ടുവന്നത്.
ചടങ്ങിനിടെ സ്മിത് മച്ചാറിന്റെ പരിക്കുകള്‍ നേരിട്ട് കണ്ട യു.എ.ഇ പ്രസിഡന്റ്, പരിക്കുകള്‍ എന്ന് ഭേദമാകുമെന്ന് ചോദിച്ചറിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്ന് മച്ചാര്‍ മറുപടി നല്‍കിയപ്പോള്‍, 'പൂര്‍ണ്ണമായി സുഖം പ്രാപിച്ച ശേഷം നിങ്ങളെ യുദ്ധമുറകള്‍ പരിശീലിപ്പിക്കാന്‍ എനിക്കൊരു ആഗ്രഹമുണ്ട്... നമുക്കൊരു ജിയു-ജിത്സു സെഷന്‍ നടത്താം' എന്ന് പ്രസിഡന്റ് തമാശയായി പറഞ്ഞു. യു.എ.ഇയുടെ ദേശീയ കായികവിനോദമാണ് ജിയു-ജിത്സു. ചിരിയോടെ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച മച്ചാര്‍ അത് തനിക്ക് ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് മറുപടി നല്‍കി.
Related News