മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുടെ ഐക്യം തകര്‍ക്കുന്നതിനോ, അംഗരാജ്യങ്ങളെയും അവയുടെ ഭരണാധികാരികളെയും ജനങ്ങളെയും അധിക്ഷേപിക്കുന്നതിനോ ഉള്ള എല്ലാ നീക്കങ്ങളും പൂര്‍ണ്ണമായി തള്ളിക്കളയുന്നതായി ജി.സി.സി വിവരസാങ്കേതിക-മാധ്യമ മന്ത്രിമാര്‍ വ്യക്തമാക്കി. ബഹ്‌റൈനില്‍ ചേര്‍ന്ന 29-ാമത് മന്ത്രിതല യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിവിധ മാധ്യമങ്ങളിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും നടക്കുന്ന ഇത്തരം ലംഘനങ്ങളും അപവാദപ്രചരണങ്ങളും നിരീക്ഷിക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. അതത് രാജ്യങ്ങളിലെ നിലവിലുള്ള നിയമങ്ങളും ജി.സി.സി തീരുമാനങ്ങളും അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ പ്രാദേശിക സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും മുന്‍നിര്‍ത്തി ഐക്യത്തോടെ നിലകൊള്ളേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.
ഡിജിറ്റല്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കാനും വ്യാജവും അധിക്ഷേപകരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും മന്ത്രിസഭാ യോഗം അഭ്യര്‍ത്ഥിച്ചു. ഗള്‍ഫ് ജനതകള്‍ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാജ പ്രചാരണങ്ങളെ ചെറുക്കുന്നതിനും മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Related News