ജിദ്ദ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രനിര്‍മ്മാണത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ നേതാവുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പുരോഗതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ഇന്ദിരാഗാന്ധിയുടെ ദീപ്തമായ സ്മരണകള്‍ ചടങ്ങില്‍ സംസാരിച്ചവര്‍ പങ്കുവെച്ചു.
ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍, 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ നിര്‍ണായക നേതൃത്വം, പൊഖ്റാന്‍ ആണവപരീക്ഷണം, രാജ്യത്തെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് നയിച്ച ഹരിതവിപ്ലവം എന്നിവ ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളായി ചടങ്ങില്‍ അനുസ്മരിച്ചു. 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യത്തിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനവും സാധാരണക്കാരുടെ ക്ഷേമവും ദേശീയ വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി ഉയര്‍ത്തിക്കൊണ്ടുവന്നതും പ്രത്യേകം പരാമര്‍ശിച്ചു.
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇന്ദിരാഗാന്ധി ശ്രദ്ധേയമായ പങ്കുവഹിച്ചു. 1982-ലെ സൗദി അറേബ്യന്‍ സന്ദര്‍ശനം ഇന്ത്യസൗദി ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നു. സാമ്പത്തിക, വ്യാപാര, രാഷ്ട്രീയ, നയതന്ത്ര മേഖലകളിലെ സഹകരണത്തിന് ഈ സന്ദര്‍ശനം കൂടുതല്‍ പ്രാധാന്യം നല്‍കി.
1984 ഒക്ടോബര്‍ 31-ന് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊണ്ട ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് ഇന്ത്യയുടെ ചരിത്രത്തിലെ വേദനാജനകമായ സംഭവമാണ്. ജനങ്ങളുമായുള്ള ആത്മബന്ധം, സാധാരണക്കാരോടുള്ള കരുതല്‍, രാജ്യത്തോടുള്ള അചഞ്ചലമായ സമര്‍പ്പണം എന്നിവയിലൂടെ ജനഹൃദയങ്ങളില്‍ ഇന്നും പ്രത്യേക സ്ഥാനം നിലനിര്‍ത്തുന്ന നേതാവാണ് ഇന്ദിരാഗാന്ധിയെന്ന് അനുസ്മരണ യോഗം വിലയിരുത്തി.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് ചെറുകോട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അനില്‍കുമാര്‍ പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. റീജ്യണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കല, ഗ്ലോബല്‍ കമ്മിറ്റി അംഗം അലി തേക്കുതോട്, റീജ്യണല്‍ കമ്മിറ്റി ജോയിന്റ് ട്രഷറര്‍ ഷൗക്കത്ത് പരപ്പനങ്ങാടി, ഷനൂജ് വാഴക്കാട്, അബ്ദുല്‍ ഖാദര്‍ ആലുവ, നാസര്‍ കോഴിത്തൊടി, അയ്യൂബ് പന്തളം, പ്രിന്‍സ് കൊല്ലം, കുഞ്ഞാന്‍ പൂക്കാട്ടില്‍, ഷംനാട് കണിയാപുരം, വനിതാ വേദി ഭാരവാഹികളായ മൗഷ്മി ഷരീഫ്, സിമി അബ്ദുല്‍ ഖാദര്‍, ജാന്‍സി മോഹന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അലവി ഹാജി സ്വാഗതവും വൈസ് പ്രസിഡന്റ് ഷിബു കാളികാവ് നന്ദിയും പറഞ്ഞു.
Related News