വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധം ഏതുവിധേനയും ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ കരാറിന് തയ്യാറാകണമെന്നും അല്ലെങ്കില്‍ അമേരിക്ക യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇറാനെതിരെ വീണ്ടും അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ മധ്യപൂര്‍വദേശം വലിയ വില നല്‍കേണ്ടിവരുമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ മേധാവിയും നൊബേല്‍ സമാധാന പുരസ്‌കാര ജേതാവുമായ മുഹമ്മദ് അല്‍ ബറാദിഇ മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇതുവരെ കാത്തിരിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ അനുഭാവികളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. എന്നാല്‍, ഒരു ഘട്ടത്തില്‍ ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷി പൂര്‍ണമായും തകര്‍ത്തുവെന്ന മുന്‍ നിലപാടും ട്രംപ് ആവര്‍ത്തിച്ചു. യുദ്ധം അവസാനിക്കുന്നതോടെ ഇന്ധനവില ഉടന്‍ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ സുരക്ഷയ്ക്കായി ഇന്ധനവിലയിലെ വര്‍ധന ചെറിയ വില മാത്രമാണെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയാല്‍ അത് കൂടുതല്‍ അക്രമത്തിനും നാശത്തിനും വഴിവെക്കുമെന്ന് അല്‍ ബറാദിഇ എക്‌സില്‍ കുറിച്ചു. ട്രംപിനെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ ആക്രമണം ഒഴിവാക്കാന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആണവോര്‍ജം സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ക്കാണ് 2005ല്‍ അല്‍ ബറാദിഇയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും സംയുക്തമായി സമാധാന നൊബേല്‍ നേടിയത്. 2013ല്‍ ഈജിപ്തിന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ മൈനുകളില്‍ തട്ടി രണ്ട് അസംസ്‌കൃത എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. വെള്ളിയാഴ്ച ഖത്തറിന്റെ എല്‍.എന്‍.ജി കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഹോര്‍മുസ് കടലിടുക്ക് രണ്ടുദിവസത്തിനുള്ളില്‍ വീണ്ടും തുറക്കുന്നതിനുള്ള നിര്‍ദേശത്തില്‍ മധ്യസ്ഥരുമായി ചര്‍ച്ച തുടരുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. നയതന്ത്ര പരിഹാരം തിരഞ്ഞെടുക്കാനുള്ള വിവേകം അമേരിക്കയ്ക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Related News