ജിദ്ദ: ജിദ്ദ ത്രീ സ്റ്റാറിന്റെ ബാനറില്‍ നൂഹ് ബീമാപ്പള്ളി ഒരുക്കിയ 'രാക്കിളിപ്പാട്ട്-3' സൗത്ത് ഇന്ത്യന്‍ മ്യൂസിക്കല്‍ നൈറ്റ് വെള്ളിയാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിലും ശനിയാഴ്ച ബാഗ്ദാദിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലുമായി അരങ്ങേറി. കൈരളി ടിവി 'പട്ടുറുമാല്‍' മ്യൂസിക് ഷോയിലെ വിജയിയും ഫ്‌ലവേഴ്‌സ് ടിവി 'ടോപ്പ് സിംഗര്‍' ഫൈനലിസ്റ്റുമായ അസ്ന നിസാമിന്റെ മനോഹര ഗാനങ്ങള്‍ കൊണ്ട് പരിപാടി ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് ആരംഭിച്ച പരിപാടി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി ഉദ്ഘാടനം ചെയ്തു. ഹിന്ദിയും മലയാളവും തമിഴുമായി അനവധി ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് അസ്ന സദസ്സിന്റെ ശ്രദ്ധയാകര്‍ഷിച്ചു. സിനി ആര്‍ട്ടിസ്റ്റായ ലൈല സി.പി എന്ന കലാകാരിയും പരിപാടിയുടെ ഭാഗമായി.
കോണ്‍സുലേറ്റ് അങ്കണത്തില്‍ രജിസ്‌ട്രേഷനിലൂടെ പരിമിതമായ പ്രേക്ഷകരെ മാത്രമാണ് അനുവദിച്ചിരുന്നത്. അതിനാല്‍ കോണ്‍സുലേറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ബാഗ്ദാദിയ ശാഖയില്‍ അതേ ഗായകരെ ഉള്‍പ്പെടുത്തി മറ്റൊരു പരിപാടി കൂടി സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയായ മുജീബ് റഹ്‌മാന്‍ നേതൃത്വം നല്‍കുന്ന റീഗല്‍ ഗോള്‍ഡാണ് പരിപാടിയുടെ പ്രയോജകര്‍.
പ്രേക്ഷകര്‍ ആവശ്യപ്പെട്ട ഗാനങ്ങളും പട്ടുറുമാലില്‍ വിജയത്തിലേക്ക് നയിച്ച ഗാനങ്ങളും ആലപിച്ച് സദസ്സിനെ കയ്യിലെടുക്കാന്‍ അസ്നയ്ക്ക് സാധിച്ചു. സോഫിയ സുനില്‍, അഷ്റഫ് വലിയോറ, റാഫി ആലുവ, രമ്യ ബ്രൂസ്, ഹസ്സന്‍ കൊണ്ടോട്ടി, ഹരിഷ്മ, ബീഗം ഖദീജ, വിവേക് ജി. പിള്ള, സലീന ബ്രൂസ്, സത്യന്‍ പി. നായര്‍, ഗഫൂര്‍ തൃപ്പനച്ചി തുടങ്ങിയവര്‍ക്കൊപ്പം നൂഹ് ബീമാപ്പള്ളിയും പാട്ടുകള്‍ പാടി സദസ്സിനെ രസിപ്പിച്ചു. ജിദ്ദയിലെ പ്രമുഖ നൃത്താധ്യാപികയായ ഫൈസ ഗഫൂര്‍ അണിയിച്ചൊരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാന്‍സും രണ്ടിടത്തും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു.
പ്രമുഖ സംഘാടകനായ നവാസ് ബീമാപ്പള്ളിയും ഹസ്സന്‍ കൊണ്ടോട്ടിയും കാജാ മൊഹിയുദീനും നൂഹ് ബീമാപ്പള്ളിയോടൊപ്പം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നിസാര്‍ കരുനാഗപ്പള്ളി, ഷാജി കൊല്ലം, ജ്യോതി ബാബുകുമാര്‍, സബീനാ റാഫി എന്നിവര്‍ സദസ്സിനെ നിയന്ത്രിച്ചു. അഷ്റഫ് വലിയോറയുടെ 'വി ലൈവ്' ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്തു. സുവിജ സത്യനും ഫാസില്‍ ഓച്ചിറയും അവതാരകരായി. രണ്ടാം ദിവസത്തെ പരിപാടിയിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ജിദ്ദയിലെ പ്രമുഖരായ സംഘടനാപ്രവര്‍ത്തകര്‍ പരിപാടികളില്‍ അതിഥികളായെത്തി. റീഗല്‍ മുജീബ്, അബ്ദുല്‍ സലീം, ഫബിത ഉനൈസ്, സലീല ബ്രൂസ്, വാസു ഹംദാന്‍, അഷ്റഫ് കുന്നത്ത്, മുജീബ് റഹ്‌മാന്‍, സിയാ നാസര്‍ തുടങ്ങിയവരെ വേദിയില്‍ ആദരിച്ചു.