ദുബായ്: യൂട്യൂബ് ലൈക്കുകള്‍ക്കും ക്ലിക്കുകള്‍ക്കും വേണ്ടി വ്യാജ കഥകള്‍ നിര്‍മ്മിക്കുന്ന രീതിക്കെതിരെ നിയമത്തിന്റെ വഴിയില്‍ കടുത്ത മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. എം.എ. യൂസഫലിക്കെതിരായ സ്വര്‍ണ്ണക്കടത്ത് വ്യാജ ആരോപണത്തില്‍ തടിയൂരാന്‍ ഷാജന്‍ സ്‌കറിയ മാപ്പപേക്ഷിച്ചെങ്കിലും കേസ് പിന്‍വലിക്കില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
'ലൈക്കിനും ഷെയറിനും വേണ്ടി എന്തും വിളിച്ചു പറയുക, കേസാകുമ്പോള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുക' എന്ന ശൈലിക്ക് ലുലു ഗ്രൂപ്പ് തടയിടുകയാണ്. ബ്രാന്‍ഡിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ നിയമ പോരാട്ടം അവസാന ഘട്ടം വരെ തുടരുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് മേധാവി വി നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാജന്‍ സ്‌കറിയയുടെ മാപ്പപേക്ഷയും ഖേദപ്രകടനവുമൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ഞങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിയമസംവിധാനത്തിലും ജുഡീഷ്യറിയിലും മാത്രമാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജ ആരോപണം ഉന്നയിച്ച ഷാജന്‍ സ്‌കറിയക്കെതിരായ ഒരു കേസും പിന്‍വലിക്കില്ല. മാപ്പ് പറഞ്ഞിട്ടൊന്നും കാര്യമില്ല. നിയമപരമായി മുന്നോട്ട് പോകും. കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും കേസുണ്ട്. ബ്രാന്‍ഡിനോ ചെയര്‍മാനോ എതിരായ ഒരു തരി വ്യാജആരോപണം പോലും അനുവദിക്കില്ല. അത്തരത്തില്‍ ഉള്ള എല്ലാ കേസുകളും നിയമപരമായി നേരിടും. വിദേശത്തടക്കം ഉന്നത വ്യക്തിത്വമുള്ള വ്യവസായിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള വ്യക്തമായ താക്കീതാണ് ലുലുവിന്റെ ഈ കടുത്ത നിലപാട്.
2020 നവംബര്‍ 21നാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലില്‍ യൂസഫലിക്കെതിരെ വിഡിയോ വന്നത്. ഇതിന് പിന്നാലെ 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് എറണാകുളം സബ് കോടതിയില്‍ മാനനഷ്ടക്കേസ് കേസ് കൊടുത്തത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഷാജന്‍ സ്‌കറിയ മാപ്പ് വിഡിയോയില്‍ പറഞ്ഞു.
Related News