ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂര്‍ണ്ണ ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ച് നടത്താന്‍ ദേശീയ കമ്മിറ്റി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. സര്‍ഫറാസ് അഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തോളം യുവാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ സമ്മേളനത്തിന് മുന്നോടിയായി 2026 ഡിസംബര്‍ 30-നകം സംസ്ഥാന സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും.
ദേശീയ സമ്മേളന പ്രചാരണാര്‍ത്ഥം കാശ്മീരില്‍ നിന്നും കന്യാകുമാരി വരെ 'യുവ ഭാരത് യാത്ര' സംഘടിപ്പിക്കും. 2027 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന യാത്രയുടെ ആദ്യഘട്ടം കാശ്മീരില്‍ നിന്ന് തുടങ്ങി ബീഹാറിലെ കിഷന്‍ഗഞ്ചില്‍ സമാപിക്കും. രണ്ടാം ഘട്ടം മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് ആരംഭിച്ച് കന്യാകുമാരിയിലാണ് സമാപിക്കുക.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ 'അഹിംസ ആക്ട്' എന്ന പ്രത്യേക നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ഡിസംബര്‍ 10-ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ ഇരകളുടെ കുടുംബ സംഗമം സംഘടിപ്പിക്കും. വംശീയ-പശു ഭീകരതയുടെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാല്പതോളം ഇരകളുടെ കുടുംബാംഗങ്ങള്‍, നിയമവിദഗ്ദ്ധര്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കാളികളാകും. ഇവരില്‍ നിന്നടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് 'അഹിംസ ആക്ടി'ന്റെ കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ലീഗ് ദേശീയ ട്രഷറര്‍ അന്‍സാരി മദാര്‍, ദേശീയ സെക്രട്ടറി സി.കെ. ശാക്കിര്‍ എന്നിവരും പങ്കെടുത്തു.
Related News