തിരുവനന്തപുരം: സംസ്ഥാനത്ത് 35 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തരം, ധനകാര്യം, വൈദ്യുതി, ആരോഗ്യം, വ്യവസായം, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മാറ്റങ്ങളുണ്ടായി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ജൂനിയര്‍ തലത്തിലുള്ളവര്‍ക്കും പുതിയ ചുമതലകള്‍ നല്‍കി.
ധനകാര്യ വകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളിലേക്ക് മാറ്റി. ജലവിഭവം, ഭവനനിര്‍മാണം, കയര്‍ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി. ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മിന്‍ഹാജ് ആലമാണ് പുതിയ അഡീഷനല്‍ ചീഫ് സെക്രട്ടറി (ധനകാര്യം). നികുതി, പബ്ലിക് പ്രൊക്യുര്‍മെന്റ് അഡ്വൈസറി, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്നിവയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാകും.
ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പുനീത് കുമാറിനെ വൈദ്യുതി വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഡല്‍ഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മിഷണറുടെ ചുമതലയും തുടരും.
മുഹമ്മദ് ഹനീഷിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിനായിരിക്കും. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷര്‍മിള മേരി ജോസഫിനെ ഗതാഗത വകുപ്പിലേക്ക് മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ എം. ബീനയെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു.
കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി എന്‍. പ്രശാന്തിനെ നിയമിച്ചു. കായിക-യുവജനകാര്യ വകുപ്പിന്റെ ചുമതലയും അദ്ദേഹം തുടരും. കെ.എസ്.ഇ.ബി തലപ്പത്തുണ്ടായിരുന്ന എം.ജി. രാജമാണിക്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) സെക്രട്ടറിയായും നിയമിച്ചു.
വീണ എന്‍. മാധവന് കൃഷി വകുപ്പ് സെക്രട്ടറിയുടെ ചുമതല നല്‍കി. പി.ബി. നൂഹിനെ തൊഴില്‍ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ജാഫര്‍ മാലിക്കിന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണറുടെ ചുമതല നല്‍കി.
സുഭാഷ് ടി.വിയെ ആരോഗ്യവകുപ്പിന്റെ കീഴില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമിക്കുന്നതിനായി വിട്ടുനല്‍കി. അവധിക്കുശേഷം തിരിച്ചെത്തുന്ന അഫ്‌സാന പര്‍വീണ്‍ മില്‍മ മാനേജിങ് ഡയറക്ടറുടെ ചുമതലയേല്‍ക്കും.
ടൂറിസം, ഉന്നതവിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികവിദ്യ, പട്ടികജാതി-പട്ടികവര്‍ഗ വികസനം, ദുരന്തനിവാരണം, ഇലക്ട്രോണിക്‌സ്-വിവരസാങ്കേതികവിദ്യ തുടങ്ങിയ വകുപ്പുകളിലും പുനഃക്രമീകരണമുണ്ടായി.
Related News