തിരുവനന്തപുരം: നാടിനെ നടുക്കിയ പാങ്ങപ്പാറയിലെ പ്ലസ് ടു വിദ്യാര്‍ഥിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണയത്തര്‍ക്കമെന്ന് സൂചന. ഒരു പെണ്‍കുട്ടിയോട് തോന്നിയ പ്രണയമാണ് കൊലപാതകത്തിലേക്കും മൃതദേഹം ചാക്കില്‍കെട്ടി കുഴിയില്‍ തള്ളാനും കാരണമെന്നാണ് പ്രാഥമിക സൂചന. പതിനേഴുകാരനായ എം.ഡി. അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കൗമാരക്കാരും ഒരാളുമാണ് കസ്റ്റഡിയിലുള്ളത്. അഭിരാമിന്റെ സുഹൃത്തായ പതിനേഴുകാരനും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്താണ് സംഭവം ആസൂത്രണം ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
ശ്രീകാര്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് തിങ്കളാഴ്ച അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്. പരുത്തിപ്പാറ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അഭിരാം ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചാണ് വിദ്യാര്‍ഥി വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതായതോടെ മാതാപിതാക്കള്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തും അവസാനമായി ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷിച്ചുമാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. വീട്ടില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് അഭിരാമിന് ഒരു പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് വിളി വന്നിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്ന അഭിരാമിന്റെ പതിനേഴുകാരനായ സുഹൃത്ത്, പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് അഭിരാമിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് പൊലീസിന്റെ സംശയം. പെണ്‍കുട്ടിയുമായി അഭിരാം ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നതായും സൂചനയുണ്ട്. ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരം.
കൊലപാതകത്തിനു പിന്നാലെ പ്രാദേശിക ഗുണ്ടയായ ഉമര്‍ എന്നയാളെ ബന്ധപ്പെട്ടതായി പതിനേഴുകാരനായ പ്രതി പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളും കസ്റ്റഡിയിലുണ്ട്.
സംഭവം പുറത്തുവന്നതോടെ തിരുവനന്തപുരത്ത് പ്രതിഷേധവും സംഘര്‍ഷാവസ്ഥയും ഉണ്ടായി. കൗമാരക്കാരെ ഉള്‍പ്പെടുത്തിയുള്ള കൊലപാതകവും പ്രണയബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും നഗരത്തെ നടുക്കിയിരിക്കുകയാണ്.
മൃതദേഹം കാണപ്പെട്ട പാങ്ങപ്പാ കമുകിന്‍കോട് ക്ഷേത്രത്തിന് സമീപത്ത് മുമ്പും അഭിരാമും കൂട്ടുകാരും എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കസ്റ്റഡിയിലുള്ള പതിനേഴുകാരനുമായി അന്വേഷണത്തിന് പോലീസ് വന്നപ്പോഴാണ് നാട്ടുകാര്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്.
Related News