ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഇതോടെ 14 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിന് തിരശ്ശീല വീണു. ഏകദിനത്തിലും ട്വന്റി20യിലും അസാധാരണമായ ബാറ്റിങ് പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മാക്‌സ്‌വെല്‍, കളിയുടെ ഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമായാണ് ക്രിക്കറ്റ് ലോകത്ത് ഇടം നേടിയത്.
38കാരനായ മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയക്കായി ഏഴ് ടെസ്റ്റുകളും 149 ഏകദിനങ്ങളും 130 ട്വന്റി20 രാജ്യാന്തര മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ 3,990 റണ്‍സും ട്വന്റി20യില്‍ 2,897 റണ്‍സും ടെസ്റ്റില്‍ 339 റണ്‍സും നേടി. മൂന്ന് ഫോര്‍മാറ്റുകളിലുമായി 136 വിക്കറ്റുകളും സ്വന്തമാക്കി.
2012 ഓഗസ്റ്റ് 25ന് ഷാര്‍ജയില്‍ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. അതേ വര്‍ഷം സെപ്റ്റംബറില്‍ പാകിസ്താനെതിരെ ദുബായില്‍ ട്വന്റി20 അരങ്ങേറ്റവും കുറിച്ചു. 2013 മാര്‍ച്ചില്‍ ഹൈദരാബാദില്‍ ഇന്ത്യക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
രണ്ട് ഏകദിന ലോകകപ്പ് കിരീടങ്ങള്‍ (2015, 2023), 2021ലെ ട്വന്റി20 ലോകകപ്പ് നേട്ടം എന്നിവ മാക്‌സ്‌വെല്ലിന്റെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. എന്നാല്‍ 2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ ഇരട്ട സെഞ്ചുറിയാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന്.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ 292 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 91 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് തോല്‍വിയുടെ വക്കിലായിരുന്നു. കടുത്ത പേശീവലിവ് മൂലം നില്‍ക്കാന്‍ പോലും പ്രയാസപ്പെട്ട മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സിനെ കൂട്ടുപിടിച്ച് അവിശ്വസനീയ തിരിച്ചുവരവ് നടത്തി. 128 പന്തില്‍ 21 ഫോറും 10 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 201 റണ്‍സാണ് നേടിയത്. ഇരുവരും ചേര്‍ന്നുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ട് 202 റണ്‍സിലെത്തി. മൂന്ന് വിക്കറ്റും 19 പന്തും ശേഷിക്കെ ഓസ്‌ട്രേലിയ വിജയത്തിലെത്തി. ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റിലെ ആദ്യ ഏകദിന ഇരട്ട സെഞ്ചുറിയായിരുന്നു ഇത്.
ഏകദിനത്തില്‍നിന്ന് മാക്‌സ്‌വെല്‍ 2025 ജൂണില്‍ വിരമിച്ചിരുന്നു. 2025ലെ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യക്കെതിരെയായിരുന്നു അവസാന ഏകദിന മത്സരം. തുടര്‍ച്ചയായ പരിക്കുകളും ഏകദിന ഫോര്‍മാറ്റിന്റെ ശാരീരിക സമ്മര്‍ദവുമാണ് ആ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2026-27 സീസണിലേക്കുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കേന്ദ്ര കരാര്‍ പട്ടികയിലും മാക്‌സ്‌വെല്ലിന് ഇടം ലഭിച്ചിരുന്നില്ല. കഴിഞ്ഞ മേയ്-ജൂണ്‍ മാസങ്ങളില്‍ നടന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ട്വന്റി20 ടീമിലും ഉള്‍പ്പെടുത്തിയില്ല. 2026 ഫെബ്രുവരി 20ന് ഒമാനെതിരെ നടന്ന ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരമാണ് അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര പോരാട്ടം.
രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ട്വന്റി20 ക്രിക്കറ്റില്‍ മാക്‌സ്‌വെല്‍ തുടരും. 2026-27 സീസണ്‍ അവസാനം വരെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സുമായി കരാറുണ്ട്.
Related News