ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷ സാധ്യതകളും ആശങ്കകളും വര്‍ദ്ധിച്ചുവരുന്നതിനിടെ, ആണവാക്രമണം ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന വീഡിയോ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു. ജനവാസ മേഖലക്ക് സമീപം ആണവ സ്‌ഫോടനം നടക്കുന്നതിന്റെ സിമുലേഷന്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ സോഷ്യല്‍ മീഡിയയിലും വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
സ്‌ഫോടന സമയത്തുണ്ടാകുന്ന ശക്തമായ വെളിച്ചത്തിലേക്ക് നേരിട്ട് നോക്കരുതെന്നും, കെട്ടിടങ്ങള്‍ക്കുള്ളിലോ ബേസ്മെന്റുകളിലോ അഭയം പ്രാപിക്കണമെന്നും വീഡിയോയില്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു. കൂടാതെ, ജനലുകളില്‍നിന്ന് അകന്നു നില്‍ക്കാനും, വായുസഞ്ചാരമുള്ള ദ്വാരങ്ങളും വെന്റിലേറ്ററുകളും അടയ്ക്കാനും, റേഡിയോ ആക്ടീവ് പൊടിപടലങ്ങളില്‍നിന്ന് മുന്‍കരുതല്‍ സ്വീകരിക്കാനും സ്റ്റേറ്റ് ടിവി പ്രക്ഷേപണം ചെയ്ത വീഡിയോ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.
ഇറാന്റെ ഭൂഗര്‍ഭ സൈനിക താവളമായ 'ആക്‌സ് മൗണ്ടന്‍' ലക്ഷ്യമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ആണവാക്രമണം നടത്തിയേക്കുമെന്ന് പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. ആക്രമണത്തിനായി ട്രംപിന് മേല്‍ വലിയ രീതിയിലുള്ള ഇസ്രായേലി സമ്മര്‍ദ്ദമുണ്ടെന്നാണ് കാള്‍സണ്‍ അവകാശപ്പെടുന്നത്.
എന്നാല്‍, ഇറാന് നേരെ ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത ട്രംപ് മുന്‍പ് തള്ളിക്കളഞ്ഞിരുന്നു. തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ ടെഹ്‌റാനുമായി ധാരണയിലെത്താനുള്ള സാധ്യത ചൂണ്ടിക്കാണിച്ച ട്രംപ്, യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പുതിയ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. എങ്കിലും, മേഖലയിലുണ്ടായേക്കാവുന്ന വന്‍തോതിലുള്ള സൈനിക നീക്കങ്ങളെക്കുറിച്ചും അതിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുമുള്ള ആശങ്ക ശക്തമായി തുടരുകയാണ്.
Related News