വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നേടിയ മുന്നേറ്റം അമേരിക്കയോടൊപ്പം ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അവശേഷിക്കുന്ന രണ്ട് വര്‍ഷക്കാലം ഡെമോക്രാറ്റുകള്‍ നിയന്ത്രിക്കുന്ന സെനറ്റിനെയും പ്രതിനിധി സഭയെയുമാണ് ട്രംപിന് അതിജീവിക്കേണ്ടി വരിക. എന്നാല്‍ ദുര്‍ബലനായ ട്രംപ് കൂടുതല്‍ സാഹസികത കാണിക്കുമോയെന്നും അത് രാജ്യാന്തര തലത്തില്‍ കൂടുതല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമോയെന്നുമുള്ള ആശങ്കയിലാണ് ലോകം. 'ട്രംപ് ഇപ്പോഴും നിങ്ങളുടെ പ്രസിഡന്റാണ്' എന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഫലപ്രഖ്യാപനത്തിനു ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണം. ഓവല്‍ ഓഫീസില്‍ മേശയ്ക്കു പിന്നില്‍ ഗൗരവത്തോടെ നില്‍ക്കുന്ന ട്രംപിന്റെ ചിത്രം കൂടെ പങ്കുവെച്ചു.
കോണ്‍ഗ്രസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാലും പ്രസിഡന്റിന് ഭരണഘടന നല്‍കുന്ന വിപുലമായ അധികാരങ്ങള്‍ ഉപയോഗിക്കാനാകുമെന്ന സന്ദേശമാണ് ഈ പ്രതികരണത്തിലൂടെ നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ ശേഷിക്കുന്ന രണ്ടുവര്‍ഷം ആ അധികാരങ്ങള്‍ എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കാനാകും എന്നതാണ് പ്രധാന ചോദ്യം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസില്‍ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്ത് ട്രംപ് നടപ്പാക്കിയ പല പ്രധാന നടപടികളും നിയമനിര്‍മാണത്തിലൂടെയായിരുന്നില്ല, പ്രസിഡന്റിന്റെ ഉത്തരവുകളിലൂടെയായിരുന്നു. സഖ്യരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും ഒരുപോലെ ചുമത്തിയ തീരുവകള്‍, വെനസ്വേലയിലും ഇറാനിലും നടത്തിയ സൈനിക നടപടികള്‍, കോണ്‍ഗ്രസ് അംഗീകരിച്ച ഫെഡറല്‍ ചെലവുകളില്‍ ഏകപക്ഷീയമായി വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ എന്നിവ ഇതില്‍പ്പെടുന്നു.
ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം ലഭിച്ചാലും പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പൂര്‍ണമായി ഇല്ലാതാകില്ല. എന്നാല്‍ ഇത്തരം നടപടികള്‍ തടയാന്‍ ഡെമോക്രാറ്റുകള്‍ നിയമനിര്‍മാണം നടത്തിയാല്‍ ട്രംപിന് വീറ്റോ അധികാരം പ്രയോഗിക്കാം. പ്രസിഡന്റിന്റെ വീറ്റോ മറികടക്കാന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്ന ഭൂരിപക്ഷംകൊണ്ട് അതു സാധ്യമാകില്ല.
എന്നാല്‍ ഭരണഘടനാപരമായ അധികാരവും അവ പ്രയോഗിക്കാനുള്ള രാഷ്ട്രീയ പിന്തുണയും രണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ നടപടികളെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച് നിരവധി പുതിയ ഡെമോക്രാറ്റുകള്‍ വാഷിങ്ടണിലെത്തുകയാണ്. അതിനുപുറമേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നതും പ്രസിഡന്റിന് വെല്ലുവിളിയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പാര്‍ട്ടിയിലെ നേതാക്കളെയും ജനപ്രതിനിധികളെയും തന്റെ നിലപാടുകള്‍ക്കൊപ്പം നിര്‍ത്തുന്നതില്‍ ട്രംപ് വലിയ സ്വാധീനം പുലര്‍ത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ആ നിയന്ത്രണത്തിന് ഇളക്കം തട്ടുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്.
ഇറാനെതിരായ യുദ്ധമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വിക്ക് കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. അടുത്ത ആറുവര്‍ഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് യുദ്ധത്തിന്റെ പേരിലാണെന്ന വാദം ഉയര്‍ത്തിയ വാന്‍സ്, ഭാവി രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവിടെനിന്ന് തുടങ്ങണമെന്നും ആവശ്യപ്പെട്ടു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ സ്ഥാനത്തെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തെ മാറ്റണോയെന്ന് അടുത്ത ഉപദേശകരോട് ട്രംപ് ചോദിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ട്രംപ് ഇക്കാര്യം നിഷേധിച്ചു. 2006ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായപ്പോള്‍ ഇറാഖ് യുദ്ധത്തിന്റെ മുഖ്യശില്പിയായ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡിനെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് മാറ്റിയ സംഭവത്തോടാണ് ഈ ചര്‍ച്ചകള്‍ക്ക് സാമ്യം കല്‍പ്പിക്കപ്പെടുന്നത്.
ട്രംപില്‍നിന്ന് അകലം പാലിക്കാനുള്ള നീക്കങ്ങള്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടായേക്കാമെന്ന് അമേരിക്കന്‍ സര്‍വകലാശാലയിലെ ഗവണ്‍മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡേവിഡ് മില്ലര്‍ അഭിപ്രായപ്പെട്ടു.
ഡെമോക്രാറ്റുകളുമായി സഹകരിക്കാമെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞ ട്രംപ്, അവരുടെ നിയമനിര്‍മാണ നിര്‍ദേശങ്ങള്‍ക്കെതിരെ വീറ്റോ പ്രയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 'ഡെമോക്രാറ്റുകള്‍ നാശകരമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അവരുമായി സഹകരിക്കും. എന്നാല്‍ എനിക്ക് വീറ്റോ അധികാരമുണ്ട്' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
1994ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെ സമാനമായ രാഷ്ട്രീയ സാഹചര്യം നേരിട്ടത് അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റനായിരുന്നു. അധികാരം കുറഞ്ഞെങ്കിലും പ്രസിഡന്റിന്റെ പ്രസക്തി അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ ക്ലിന്റന് വീണ്ടും ജനവിധി തേടാന്‍ സമയം ബാക്കിയുണ്ടായിരുന്നു. ട്രംപിന്റെ നിലവിലെ കാലാവധി അവസാനിക്കാന്‍ ഇനി രണ്ടുവര്‍ഷം മാത്രമാണുള്ളത്.
Related News