l o a d i n g

കായികം

ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട

23 വര്‍ഷത്തെ രാജ്യാന്തര കരിയറിന് വിരാമം; 234 മത്സരങ്ങളില്‍ 146 ഗോളുകള്‍; ഏഴാം നമ്പര്‍ ജഴ്‌സി ഇനി ഭാവിതലമുറയ്ക്ക്

Thumbnail
Publisher By     Staff Reporter
November 5, 2026


ലിസ്ബണ്‍: പറങ്കിപ്പടക്കു വേണ്ടി പൊരുതിയ നീണ്ട 23 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തിന് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ തിരശ്ശീലയിട്ടു. ലിയണല്‍ മെസ്സി വിടവാങ്ങി മാസങ്ങള്‍ പിന്നിടും മുമ്പാണ് ക്രിസ്റ്റ്യാനോയും രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ബൂട്ടഴിക്കുന്നത്. ലോക ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ക്രിസ്റ്റിയാനൊ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വിടവാങ്ങുന്നത്. പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കു പിന്നാലെയാണ് 41കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 234 മത്സരങ്ങളില്‍ 146 ഗോളുകളുമായി പുരുഷ രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ് റൊണാള്‍ഡോ.
'പോര്‍ച്ചുഗീസ് ജനതയോട് പറയട്ടെ, നമ്മുടെയെല്ലാം ഏഴാം നമ്പര്‍ ദേശീയ ജഴ്‌സി തിരികെ ഏല്‍പ്പിക്കാനുള്ള ദിവസം വന്നിരിക്കുന്നു. അത് ഒരിക്കലും എന്റേതു മാത്രമാണെന്ന് ഞാന്‍ കരുതിയിട്ടില്ല. എന്നാല്‍ 23 വര്‍ഷം ആ ജഴ്‌സി അണിയാനും സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള സ്‌റ്റേഡിയങ്ങളില്‍ പോര്‍ച്ചുഗലിനായി കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യവും ഉത്തരവാദിത്വവുമായിരുന്നു. ഇനി അത് ഭാവിതലമുറയ്ക്ക് കൈമാറുകയാണ്. എളുപ്പമുള്ള തീരുമാനമായിരുന്നില്ല ഇത്. ചില തീരുമാനങ്ങള്‍ മനസ്സുകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ടുകൂടിയാണ് എടുക്കുന്നത്,' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ റൊണാള്‍ഡോ പറഞ്ഞു.
അടുത്ത നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമിനെ പരിശീലകന്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ഡെന്‍മാര്‍ക്കിനും വെയില്‍സിനുമെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരങ്ങള്‍.
കഴിഞ്ഞ അന്താരാഷ്ട്ര ഇടവേളയില്‍ ദേശീയ ടീമില്‍നിന്ന് ഇറങ്ങിപോയതിനെത്തുടര്‍ന്ന് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ 30 ദിവസത്തെ സസ്‌പെന്‍ഷന്‍ റൊണാള്‍ഡോ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. പുതിയ പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു നടപടി. മുന്‍പ് അല്‍ നസ്‌റില്‍ റൊണാള്‍ഡോയുടെ പരിശീലകനായിരുന്ന ജീസസ് വാക്കുപാലിച്ചില്ലെന്ന് താരം ആരോപിച്ചിരുന്നു. ടീമില്‍നിന്ന് വിട്ടുപോയതില്‍ സഹതാരങ്ങളോട് മാപ്പുപറഞ്ഞ റൊണാള്‍ഡോ ദേശീയ ടീമില്‍ തുടരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പരിശീലകനോട് മാപ്പുപറഞ്ഞിരുന്നില്ല.
സെപ്റ്റംബര്‍ 24ന് ലിസ്ബണില്‍ വെയില്‍സിനെതിരെ നടന്ന നേഷന്‍സ് ലീഗ് മത്സരത്തില്‍ 1-0ന് ജയിച്ച പ്പോഴാണ് റൊണാള്‍ഡോ അവസാനമായി കളിച്ചത്. ഒക്ടോബര്‍ നാലിന് നോര്‍വേയ്‌ക്കെതിരെ 2-1ന് ജയിച്ച മത്സരത്തില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ദേശീയ ടീമിനായി കളത്തിലിറങ്ങാതെ പകരക്കാരുടെ നിരയില്‍ ഇരിക്കേണ്ടിവന്നു. ഇതിനു പിന്നാലെയാണ് ടീമിനോടുള്ള അതൃപ്തി പരസ്യമായത്.
2016ല്‍ പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയ റൊണാള്‍ഡോ 2019ലും 2025ലും നേഷന്‍സ് ലീഗ് കിരീടം നേടിയ ടീമിലും നായകനായിരുന്നു. അഞ്ചു തവണ ബാലണ്‍ദോര്‍ നേടിയ താരം ആറാമത്തെ ലോകകപ്പിലും പങ്കെടുത്തിരുന്നു. എന്നാല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കാനായില്ല.
'2003 ഓഗസ്റ്റില്‍ തുടങ്ങിയ യാത്ര എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ദേശീയ ടീമിനൊപ്പം നേടിയ മത്സരങ്ങളും ഗോളുകളും റെക്കോര്‍ഡുകളും കിരീടങ്ങളും മാത്രമല്ല, ആ യാത്രയില്‍ കണ്ടുമുട്ടിയ മനുഷ്യരെയും ഞാന്‍ ഓര്‍ക്കുന്നു. 90 മിനിറ്റുകളെങ്കിലും പോര്‍ച്ചുഗല്‍ തങ്ങളുടെ അരികിലുണ്ടെന്ന് അനുഭവിച്ച പ്രവാസികളെയും, നേരില്‍ കണ്ടിട്ടില്ലെങ്കിലും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ദശലക്ഷക്കണക്കിന് പോര്‍ച്ചുഗീസുകാരെയും ഓര്‍ക്കുന്നു. ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല; അത് മനുഷ്യരെക്കുറിച്ചുകൂടിയാണ്,' റൊണാള്‍ഡോ പറഞ്ഞു.
ഗോളുകളും കിരീടങ്ങളും റെക്കോര്‍ഡുകളും കാലക്രമേണ മാറിമറിയാമെങ്കിലും മനുഷ്യരുടെ ഹൃദയത്തില്‍ ലഭിക്കുന്ന സ്ഥാനത്തിന് കാലത്തിന് മായ്ക്കാനാകില്ലെന്ന് റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ടീമിലെ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും നന്ദി പറഞ്ഞ റൊണാള്‍ഡോ, ഒരു നായകനും ഒറ്റയ്ക്ക് യാത്ര ചെയ്യാനാവില്ലെന്നും എല്ലാവരും തന്റെ കഥയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
ക്ലബ് ഫുട്‌ബോളില്‍ അല്‍ നസ്‌റിനായി കളി തുടരുമെന്നാണ് പ്രതീക്ഷ. ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് കരിയറിനും വിരാമമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ 1,000 ഗോളുകള്‍ എന്ന നേട്ടത്തിലേക്കുള്ള യാത്രയിലാണ് താരം. നിലവില്‍ 985 ഗോളുകളാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്; അതില്‍ 146 എണ്ണം പോര്‍ച്ചുഗലിനായി നേടിയതാണ്.
റൊണാള്‍ഡോയ്ക്ക് അര്‍ഹമായ ആദരവ് ഒരുക്കുമെന്ന് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. രാജ്യത്തിനുവേണ്ടിയുള്ള അസാധാരണ കരിയറിന് നന്ദി അറിയിച്ച ഫെഡറേഷന്‍, അദ്ദേഹം മികച്ച കായികതാരം മാത്രമല്ല, പ്രചോദനമേകുന്ന നായകനും ദേശീയ ടീമിന്റെ ആത്മാവിന്റെ പ്രതീകവുമായിരുന്നുവെന്നും വ്യക്തമാക്കി. ലോകമെമ്പാടും പോര്‍ച്ചുഗലിന്റെ യശസ്സുയര്‍ത്തിയ താരത്തെ ആരാധകര്‍ക്കും രാജ്യത്തിനും ഒരിക്കല്‍ക്കൂടി ആദരിക്കാനുള്ള ചടങ്ങ് സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്‌പോര്‍ട്ടിങ് സി.പി., യുവന്റസ് തുടങ്ങിയ റൊണാള്‍ഡോയുടെ മുന്‍ ക്ലബുകളും താരത്തിന് ആദരമര്‍പ്പിച്ചു. ദീര്‍ഘകാല എതിരാളിയായ ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായി അവസാന മത്സരം കളിച്ച് ഒരു മാസത്തിനുള്ളിലാണ് റൊണാള്‍ഡോയും രാജ്യാന്തര ഫുട്‌ബോളിനോട് വിടപറയുന്നത്.

Latest News

യൂറോപ്പില്‍  വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി പരമ്പര; യാത്രക്കാരെ സുരക്ഷിതമായി ഇറക്കി, അന്വേഷണം ശക്തം
യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി പരമ്പര; യാത്രക്കാരെ സുരക്ഷിതമായി ഇറക്കി, അന്വേഷണം ശക്തം
November 5, 2026
 ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
November 5, 2026
അപ്രതീക്ഷിത വിടവാങ്ങല്‍, മകന്‍ അണ്ടര്‍-17 പോര്‍ചുഗല്‍ ടീമില്‍
അപ്രതീക്ഷിത വിടവാങ്ങല്‍, മകന്‍ അണ്ടര്‍-17 പോര്‍ചുഗല്‍ ടീമില്‍
November 5, 2026
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ?  പുതിയ വാക്കുമായി ശശി തരൂര്‍
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ? പുതിയ വാക്കുമായി ശശി തരൂര്‍
November 5, 2026