തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന 'അന്ധ്ഭക്ത്', 'ഗോഡി' (മടിശ്ശീലയില്‍ തൂക്കിയ), 'പെയ്ഡ് ഫോളോവേഴ്‌സ്' (കൂലി വാങ്ങി സംസാരിക്കുന്നവര്‍) തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് പുതിയ ഇംഗ്ലീഷ് വാക്കുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. 'ക്വോക്കര്‍വോഡ്ജര്‍' എന്ന അപൂര്‍വ പദമാണ് തിരുവനന്തപുരം എം.പി നിര്‍ദേശിച്ചത്. മറ്റൊരാളുടെ നിയന്ത്രണത്തില്‍, അയാളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാവകളെയാണ് ഈ വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നതെന്ന് തരൂര്‍ വിശദീകരിച്ചു.
പദത്തിന്റെ അര്‍ഥം പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ എക്‌സിലെ കുറിപ്പ്. 'അന്ധ്ഭക്ത്', 'ഗോഡി', 'പെയ്ഡ് ഫോളോവേഴ്‌സ്' തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിച്ച് മടുത്തവര്‍ക്ക് പകരം ഉപയോഗിക്കാവുന്ന വാക്കാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അപൂര്‍വ ഇംഗ്ലീഷ് പദങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തുന്നതില്‍ ശ്രദ്ധേയനായ തരൂര്‍, ഇതാദ്യമായല്ല 'ക്വോക്കര്‍വോഡ്ജര്‍' എന്ന വാക്ക് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഈ കാലഘട്ടത്തിന്റെ വാക്ക് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ ഭരണകക്ഷി ഇത്തരത്തിലുള്ള ചിലരെ സൃഷ്ടിച്ചിട്ടുണ്ടെന്ന പരാമര്‍ശവും അന്ന് നടത്തിയിരുന്നു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ബി.ജെ.പിയുടെ കടുത്ത അനുയായികളെ വിശേഷിപ്പിക്കാന്‍ 'അന്ധ്ഭക്ത്' എന്നും സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിക്കപ്പെടുന്ന മാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ 'ഗോഡി മീഡിയ' എന്നും പ്രയോഗിക്കാറുണ്ട്. ഈ പ്രയോഗങ്ങള്‍ക്ക് പകരമായാണ് തരൂര്‍ പുതിയ വാക്ക് മുന്നോട്ടുവെച്ചത്.
2022 ഏപ്രിലിലും തരൂര്‍ 'ക്വോക്കര്‍വോഡ്ജര്‍' എന്ന വാക്കിന്റെ അര്‍ഥം വിശദീകരിച്ചിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ പദാവലിക്ക് പ്രയോജനകരമായ കൂട്ടിച്ചേര്‍ക്കലാണിതെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ നിരീക്ഷണം.
'അലോഡോക്‌സഫോബിയ' (മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം), 'ഫറാഗോ' (ക്രമമില്ലാത്ത മിശ്രിതം), 'ട്രോഗ്ലോഡൈറ്റ്' (അറിവില്ലായ്മയിലോ പഴഞ്ചന്‍ ചിന്താഗതിയിലോ ഉറച്ചുനില്‍ക്കുന്നയാള്‍) തുടങ്ങിയ പദങ്ങളും തരൂര്‍ മുമ്പ് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉപയോഗിച്ചിട്ടുണ്ട്. അപൂര്‍വ ഇംഗ്ലീഷ് വാക്കുകളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന തരൂരിന്റെ പുതിയ നിര്‍ദേശവും ചര്‍ച്ചയാകുകയാണ്.
Related News