മുംബൈ: ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എന്‍.സി.പി (എസ്.പി) അധ്യക്ഷന്‍ ശരദ് പവാറിന് രോഗ ശാന്തി നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പവാറിന്റെ മകള്‍ സുപ്രിയ സൂലെയെ മുക്തകണ്ഠം പ്രശംസിക്കുന്ന സന്ദേശം എന്‍.സി.പി ലയനത്തിന് വാതില്‍ തുറന്നിടുന്ന തരത്തിലാണ്.
മകള്‍ സുപ്രിയ സുലെയും മറ്റുള്ളവരും രാജ്യത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെന്നും അതിനാല്‍ പവാര്‍ വിശ്രമിക്കണമെന്നും മോദി ഫോണില്‍ പറഞ്ഞതായി പവാറിന്റെ സഹായി വിത്തല്‍ മണിയാര്‍ അറിയിച്ചു.
85കാരനായ ശരദ് പവാറിനെ ബുധനാഴ്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയായിരുന്നു മുംബൈയിലേക്കുള്ള യാത്രയും പുതിയ ആശുപത്രി പ്രവേശനവും. കൂടുതല്‍ പരിശോധനകള്‍ക്കായാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന് മകള്‍ സുപ്രിയ സുലെ എക്‌സില്‍ കുറിച്ചു.
പവാറിനെ ഫോണില്‍ വിളിച്ച് മോദി ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുകയും പൂര്‍ണ വിശ്രമം ആവശ്യപ്പെടുകയും ചെയ്തതായി മണിയാര്‍ പറഞ്ഞു. സുപ്രിയയും മറ്റുള്ളവരും രാജ്യത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെന്നും പവാര്‍ വിശ്രമിക്കണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചതിന് പവാര്‍ മോദിയോട് നന്ദി അറിയിക്കുകയും വിശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും പറഞ്ഞതായും മണിയാര്‍ കൂട്ടിച്ചേര്‍ത്തു.
ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പവാറിനെ പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. പരിശോധനകളും നിരീക്ഷണവും നടത്തിയശേഷം ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ശ്വാസമെടുക്കുമ്പോള്‍ അനുഭവപ്പെടുന്ന വേദനയെത്തുടര്‍ന്നായിരുന്നു പരിശോധനയെന്ന് ആശുപത്രി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. പവാറിന്റെ ആരോഗ്യനില സ്ഥിരമാണെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു.
ശരദ് പവാറിന്റെ ആരോഗ്യവിവരങ്ങള്‍ക്കൊപ്പം എന്‍.സി.പിയിലെ ലയനസാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും രാഷ്ട്രീയശ്രദ്ധ നേടുന്നുണ്ട്. 2023ല്‍ അജിത് പവാറിന്റെ നേതൃത്വത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ശരദ് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പി (എസ്.പി) രൂപീകരിച്ചിരുന്നു. അജിത് പവാര്‍ വിഭാഗവും ശരദ് പവാര്‍ വിഭാഗവും തമ്മില്‍ ലയനമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ വീണ്ടും ഉയര്‍ന്നിരുന്നു. എന്നാല്‍ ലയനസാധ്യത ശരദ് പവാര്‍ നേരത്തേ തള്ളിയിരുന്നു.
മോദിയുടെ ഫോണ്‍വിളിയും സുപ്രിയ സുലെയെക്കുറിച്ചുള്ള പരാമര്‍ശവും ഈ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയിലാണ് ശ്രദ്ധ നേടുന്നത്.
Related News