l o a d i n g

കായികം

നാടകീയ ജയവുമായി റയല്‍; ലിവര്‍പൂളിന് തോല്‍വി

Thumbnail
Publisher By     Staff Reporter
November 5, 2026


ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മഡ്രീഡിന് വീണ്ടും നാടകീയ രാവ്. അവസാന നിമിഷത്തെ തിരിച്ചുവരവ് ആവര്‍ത്തിച്ച റയല്‍ 3-2 ന് എ.ഇ.കെ ആതന്‍സിനെ തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഫെഡറിക്കോ വാല്‍വെര്‍ദെയുടെ വകയായിരുന്നു വിജയ ഗോള്‍. ആവേശകരമായ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 2-3ന് ഫെനര്‍ബാഷെയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. രണ്ടു തവണ ലീഡ് നേടിയിട്ടും കൈവിട്ട മാഞ്ചസ്റ്റര്‍ സിറ്റി ലൈപ്‌സിഗിനെ ഇതേ സ്‌കോറില്‍ കീഴടക്കി. കോമോ 9-1 ന് ലെന്‍സിനെ തകര്‍ത്തപ്പോള്‍ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ആഴ്‌സനല്‍ 2-1 ന് സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ നാലു മത്സരങ്ങള്‍ക്കു ശേഷവും നൂറു ശതമാനം വിജയ റെക്കോര്‍ഡ് നിലനിര്‍ത്തുന്ന ടീമുകളിലൊന്നായി റയല്‍ മഡ്രിഡ്. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്കു പുറമെ ഈ നേട്ടത്തിലെത്തിയ ഏക ടീമാണ് റയല്‍. എന്നാല്‍ ഗ്രീസില്‍ നടന്ന മത്സരത്തില്‍ വിജയം ഉറപ്പിക്കാന്‍ അവസാന നിമിഷം വരെ പൊരുതേണ്ടിവന്നു.
അബൂബക്കരി കൊയ്റ്റയിലൂടെ എ.ഇ.കെ ആദ്യ പകുതിയില്‍ മുന്നിലെത്തി. ജൂഡ് ബെല്ലിങ്ഹാമിന്റെ ബാക്ക്ഹീല്‍ ഗോളില്‍ റയല്‍ സമനില പിടിച്ചു. 75ാം മിനിറ്റില്‍ സ്‌റ്റെവ്രോസ് പിലിയോസ് ആതിഥേയരെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും മൂന്നു മിനിറ്റിനകം കിലിയന്‍ എംബാപ്പെ സമനില ഗോള്‍ നേടി. എംബാപ്പെയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടിമടങ്ങിയതിനു പിന്നാലെ 92ാം മിനിറ്റില്‍ വാല്‍വെര്‍ദെ ലോംഗ്‌റെയ്ഞ്ചറിലൂടെ വിജയമുറപ്പിച്ചു.
കഴിഞ്ഞ മാസവും റോമയ്‌ക്കെതിരെ അവസാന പത്തു മിനിറ്റില്‍ മൂന്നു ഗോളടിച്ചാണ് റയല്‍ 4-3ന്റെ വിജയം സ്വന്തമാക്കിയത്. അന്ന് 90ാം മിനിറ്റില്‍ അന്റോണിയോ റൂഡിഗറായിരുന്നു വിജയഗോള്‍ നേടിയത്. കൂടുതല്‍ അനായാസമായി ജയിക്കാനാണ് ആഗ്രഹമെങ്കിലും അവസാന നിമിഷങ്ങളില്‍ കളി തിരിച്ച് ജയിക്കാന്‍ തങ്ങളുടെ ടീമിനു മാത്രമേ കഴിയൂവെന്നായിരുന്നു പരിശീലകന്‍ മൊറീഞ്ഞോയുടെ പ്രതികരണം.
പോയിന്റ് പട്ടികയില്‍ ഗോള്‍ വ്യത്യാസത്തില്‍ പി.എസ്.ജിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് റയല്‍.
ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണിലെ ആദ്യ തോല്‍വിയാണ് ലിവര്‍പൂള്‍ വഴങ്ങിയത്. രണ്ടു തവണ മുന്നിലെത്തിയിട്ടും വിജയം നിലനിര്‍ത്താന്‍ ലിവര്‍പൂളിനായില്ല. ട്രേ ന്യോണിയും അലക്‌സാണ്ടര്‍ ഇസാക്കും ലിവര്‍പൂളിനായി ഗോളടിച്ചപ്പോള്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡും ആര്‍ച്ചി ബ്രൗണും ഫെനര്‍ബാഷെയ്ക്കായി സമനില പിടിച്ചു. 89ാം മിനിറ്റില്‍ വെദാത് മുറീഖ് നേടിയ ഗോളാണ് ആതിഥേയര്‍ക്ക് വിജയം സമ്മാനിച്ചത്.
പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ആഴ്‌സനലിനോടേറ്റ തോല്‍വിക്കു പിന്നാലെ എല്ലാ മത്സരങ്ങളിലുമായി തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഫ്രീകിക്കില്‍നിന്നും കോര്‍ണറില്‍നിന്നും ലോങ് ത്രോയില്‍നിന്നും ഗോള്‍ വഴങ്ങിയതാണ് പരാജയത്തിനു പ്രധാന കാരണമെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ ആന്‍ഡോണി ഇറയോള പറഞ്ഞു.
മുന്‍ ലിവര്‍പൂള്‍ താരം ഡിര്‍ക്ക് കുയ്റ്റിന്റെ ഇടക്കാല പരിശീലകത്വത്തില്‍ ഫെനര്‍ബാഷെ നേടുന്ന വിജയം പ്രത്യേക മധുരമുള്ളതായി. 2008നു ശേഷം ചാമ്പ്യന്‍സ് ലീഗിലെ അവരുടെ ആദ്യ ജയമാണിത്.
ലൈപ്‌സിഗിനെതിരെ റെഡ് ബുള്‍ അരീനയില്‍ കടുത്ത വെല്ലുവിളി നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റിയെ എര്‍ലിങ് ഹാലന്‍ഡിന്റെ 78ാം മിനിറ്റിലെ ഗോളാണ് രക്ഷിച്ചത്. കാസ്‌റ്റെല്ലോ ലൂകെബയുടെ സെല്‍ഫ് ഗോളിലൂടെ സിറ്റി ആദ്യ പകുതിയില്‍ മുന്നിലെത്തി. രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനകം റിഡ്‌ലെ ബാകു ലൈപ്‌സിഗിനായി സമനില നേടി.
എന്‍സോ ഫെര്‍ണാണ്ടസ് ഹെഡറിലൂടെ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും ആന്റോണിയോ നുസ ഉടന്‍ സമനില പിടിച്ചു. ഒടുവില്‍ എലിയറ്റ് ആന്‍ഡേഴ്‌സന്റെ ക്രോസില്‍നിന്ന് ഹാലന്‍ഡ് നേടിയ ഗോളില്‍ സിറ്റി 3-2ന്റെ വിജയം ഉറപ്പിച്ചു. ഡോര്‍ട്മുണ്ടിനും സിറ്റിക്കുമായി കളിച്ച കാലയളവില്‍ ലൈപ്‌സിഗിനെതിരെ 13 ഗോളുകള്‍ നേടിയിട്ടുള്ള ഹാലന്‍ഡിന്റെ ഈ സീസണിലെ 14ാം ഗോളാണിത്.
സ്ലാവിയ പ്രാഗിനെതിരെ നോനി മഡൂകെയും വിക്ടര്‍ യോക്കറസും നേടിയ ആദ്യ പകുതി ഗോളുകളില്‍ ആഴ്‌സനല്‍ വിജയം ഉറപ്പിച്ചു. 90ാം മിനിറ്റില്‍ ഒരു ഗോള്‍ വഴങ്ങിയെങ്കിലും 2-1ന് ജയിച്ചു.
ലെന്‍സിനെതിരെ സെസ്‌ക് ഫാബ്രിഗാസിന്റെ കോമോ ഒമ്പതു ഗോളടിച്ചാണ് ജയിച്ചത്. ടാസോസ് ഡൂവികാസ് ഹാട്രിക് നേടി. ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ സീസണില്‍ നാലു മത്സരങ്ങളില്‍ മൂന്നു ജയമാണ് കോമോയുടെ നേട്ടം. ഡൂവികാസ് നാലു മത്സരങ്ങളിലും ഗോള്‍ നേടിയിട്ടുണ്ട്.
കോമോയുടെ നിക്കോ പാസ് ഗോള്‍ നേടിയശേഷം ആഘോഷിച്ചില്ല. കളിക്കിടെ എതിര്‍ ടീമിന്റെ ഗോള്‍കീപ്പറുമായുണ്ടായ കൂട്ടിയിടിക്കു പിന്നാലെ മരിച്ച ടെനറിഫ് താരം ജീസസ് ഡി മിഗ്വേലിന്റെ ചിത്രം പതിച്ച ടിഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി. 2014-16 കാലത്ത് ടെനറിഫിന്റെ യൂത്ത് ടീമില്‍ പാസ് കളിച്ചിരുന്നു.
പോര്‍ട്ടോയോട് 4-1ന് തോറ്റതോടെ നാപോളി പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രിയുടെ സമ്മര്‍ദം കൂടി. സ്‌കോട്ട് മക്ടോമിനേയ് സമനില ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയില്‍ ഗബ്രിയേല്‍ വെയ്ഗ, യാക്കൂബ് കിവിയോര്‍, സാമു അഗേഹോവ എന്നിവര്‍ പോര്‍ട്ടോയ്ക്കായി ഗോളടിച്ചു. ലീഗ് ഘട്ടത്തിലെ നാലു മത്സരങ്ങളില്‍ നാപോളിയുടെ മൂന്നാം തോല്‍വിയാണിത്. സീരി എയില്‍ ഞായറാഴ്ച യുവന്റസിനോടും 2-0ന് തോറ്റിരുന്നു. അതേസമയം, പോര്‍ച്ചുഗീസ് ലീഗില്‍ പത്തു മത്സരങ്ങളും ജയിച്ച് മുന്നിലുള്ള പോര്‍ട്ടോയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മൂന്നു മത്സരങ്ങളിലും തോല്‍വിയായിരുന്നു.
റിയല്‍ ബെറ്റിസിനെ 2-1ന് തോല്‍പ്പിച്ച ബൊറൂസിയ ഡോര്‍ട്മുണ്ടിന് ഗ്രീക്ക് താരം കോണ്‍സ്റ്റാന്റിനോസ് കരെറ്റ്‌സാസിന്റെ ആദ്യ ഗോള്‍ വിജയം സമ്മാനിച്ചു. ഫാബിയോ സില്‍വയാണ് ആദ്യം ഗോള്‍ നേടിയത്. 67ാം മിനിറ്റില്‍ ഐതോര്‍ റൂയ്ബാല്‍ ബെറ്റിസിനായി സമനില പിടിച്ചെങ്കിലും 72ാം മിനിറ്റില്‍ കരെറ്റ്‌സാസ് വിജയഗോള്‍ നേടി. നാലു മത്സരങ്ങളില്‍ ഡോര്‍ട്മുണ്ടിന്റെ മൂന്നാം ജയമാണിത്.
പി.എസ്.വി ഐന്‍ഡ്‌ഹോവനെ അവരുടെ മൈതാനത്ത് 2-1ന് തോല്‍പ്പിച്ച ക്ലബ് ബ്രൂഗിനായി പോര്‍ച്ചുഗീസ് താരം കാര്‍ലോസ് ഫോര്‍ബ്‌സ് തുടര്‍ച്ചയായ രണ്ടാം ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും ഗോള്‍ നേടി. അസര്‍ബൈജാന്‍ ക്ലബ് സബാഹിനെ 4-1ന് തോല്‍പ്പിച്ച നോര്‍വീജിയന്‍ ക്ലബ് വൈക്കിങ്ങും ചാമ്പ്യന്‍സ് ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി.

Latest News

ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ?  പുതിയ വാക്കുമായി ശശി തരൂര്‍
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ? പുതിയ വാക്കുമായി ശശി തരൂര്‍
November 5, 2026
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ്  സ്വര്‍ണ മെഡല്‍ മോഷണം പോയി
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ മോഷണം പോയി
November 5, 2026
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
November 5, 2026
ഇറാനെ സഹായിച്ചെന്ന ആരോപണം;  ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
ഇറാനെ സഹായിച്ചെന്ന ആരോപണം; ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
November 5, 2026