തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പുതിയ മദ്യനയം നിലവില്‍ വരുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കില്ലെന്നും ലൈസന്‍സ് വിതരണത്തിലെ ക്രമക്കേടുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും എക്‌സൈസ് മന്ത്രി എം. ലിജു പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
12 വര്‍ഷമായി ബിയര്‍-വൈന്‍ പാര്‍ലറായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തിന് അപേക്ഷ നല്‍കി 24 മണിക്കൂറിനകം ബാര്‍ ലൈസന്‍സ് ലഭിച്ച സംഭവവും മന്ത്രി ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടിയിരുന്ന ഒരു സ്ഥാപനത്തിന് അപേക്ഷയുടെ തൊട്ടടുത്ത ദിവസം തന്നെ സ്റ്റാര്‍ പദവിയുടെ അടിസ്ഥാനത്തില്‍ ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ വ്യവസ്ഥ അനുവദിക്കുന്നുണ്ടെങ്കില്‍ ആ ചട്ടത്തില്‍ തന്നെ പ്രശ്‌നമുണ്ടെന്നും അത് ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചട്ടത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ ബിയര്‍-വൈന്‍ പാര്‍ലറുകളെ ബാറുകളായി ഉയര്‍ത്തുന്നതിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് അധികാരം നല്‍കിയിരുന്നു. സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി ലഭിച്ചാല്‍ ലൈസന്‍സ് അനുവദിക്കാമെന്ന വ്യവസ്ഥയിലെ പഴുതുകള്‍ ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കും.
എല്‍.ഡി.എഫ് ഭരണകാലത്ത് 478 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഇത്തരത്തില്‍ എഫ്.എല്‍.3 ലൈസന്‍സുള്ള ബാറുകളായി മാറിയെന്നാണ് മന്ത്രിയുടെ കണക്ക്. എന്നാല്‍ ഹോട്ടലിന് സ്റ്റാര്‍ പദവിയുണ്ടെന്നതുകൊണ്ടുമാത്രം ബാര്‍ ലൈസന്‍സ് നല്‍കാനാവില്ലെന്നാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. സാമൂഹിക ആഘാത പഠനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ബാര്‍ ലൈസന്‍സുകള്‍ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അനുവദിക്കാവൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി ഈ നിലപാട് അംഗീകരിച്ച് നവംബര്‍ 30 വരെ സര്‍ക്കാരിന് സമയം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇക്കാര്യം ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 29 പുതിയ ബാര്‍ ലൈസന്‍സ് അപേക്ഷകളാണ് ലഭിച്ചത്. പുതിയ മദ്യനയം നവംബര്‍ അവസാനത്തോടെ നിലവില്‍ വന്നശേഷം മാത്രമേ ഇവയില്‍ തീരുമാനമെടുക്കൂ. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അധികാരവും നടപടിക്രമങ്ങളും പുനഃപരിശോധിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
Related News