മുംബൈ: ടെര്‍മിനല്‍ നവീകരണത്തിന്റെ ഭാഗമായി 2027ലെ വേനല്‍ക്കാല വിമാന സര്‍വീസുകള്‍ക്ക് ആവശ്യപ്പെട്ട സ്ലോട്ടുകള്‍ അനുവദിക്കാനാവില്ലെന്ന് മുംബൈ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് ഗള്‍ഫ് വിമാനക്കമ്പനികളെ അറിയിച്ചു. 14 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകളെയാണ് തീരുമാനം ബാധിക്കുക. ദമ്മാം, ബഹ്‌റൈന്‍, ധാക്ക, ദോഹ, ഫുജൈറ, ജിദ്ദ, ജക്കാര്‍ത്ത, കുവൈത്ത് സിറ്റി, മദീന, മസ്‌കത്ത്, റാസല്‍ഖൈമ, റിയാദ്, ഷാര്‍ജ എന്നിവയുള്‍പ്പെടെ 14 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ മുംബൈ വിമാനത്താവളത്തില്‍നിന്ന് താല്‍ക്കാലികമായി മാറ്റാനാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.
വിമാനക്കമ്പനികളുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമെടുത്തതെന്നാണ് ആരോപണം. ഏകപക്ഷീയ നടപടിയെന്ന് ഗള്‍ഫ് വിമാനക്കമ്പനികള്‍ ഇതിനെ വിശേഷിപ്പിച്ചു.
മാര്‍ച്ച് അവസാനം ആരംഭിക്കുന്ന 2027ലെ വേനല്‍ക്കാല ഷെഡ്യൂളിലേക്കുള്ള സ്ലോട്ടുകള്‍ അനുവദിക്കാനാവില്ലെന്ന് വിമാനത്താവളത്തിലെ സ്ലോട്ട് കോഓര്‍ഡിനേറ്റര്‍ ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ക്ക് ഇമെയില്‍ അയച്ചു. ടെര്‍മിനല്‍ 2ല്‍നിന്നുള്ള താല്‍ക്കാലിക മാറ്റവും ശേഷിക്കുറവുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
ടെര്‍മിനല്‍ 2ന്റെ വികസനം പൂര്‍ത്തിയാകുന്നതോടെ വിമാനക്കമ്പനികള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്ലോട്ടുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും വിമാനത്താവള അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വികസനത്തിലൂടെ പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെക്കൂടി കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐ.എ.ടി.എ.) മാര്‍ഗനിര്‍ദേശപ്രകാരം സ്ലോട്ട് അലോക്കേഷന്‍ ലിസ്റ്റ് (എസ്.എ.എല്‍.) പ്രസിദ്ധീകരിക്കേണ്ട അവസാന തീയതിയായ നവംബര്‍ അഞ്ചിനാണ് വിമാനക്കമ്പനികള്‍ക്ക് ഈ അറിയിപ്പ് ലഭിച്ചത്.
വിമാനക്കമ്പനികളുമായി മുന്‍കൂര്‍ ചര്‍ച്ച നടത്താതെയാണ് തീരുമാനമെടുത്തതെന്ന് ഗള്‍ഫ് വിമാനക്കമ്പനികള്‍ ആരോപിക്കുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ 2013ലെ മാര്‍ഗനിര്‍ദേശങ്ങളും ഐ.എ.ടി.എ.യുടെ സ്ലോട്ട് മാര്‍ഗനിര്‍ദേശങ്ങളും നടപടി പാലിക്കുന്നുണ്ടോയെന്നും അവര്‍ ചോദ്യം ചെയ്തു.
ടെര്‍മിനല്‍ 1ബിയുടെ വടക്കുഭാഗം നവീകരിക്കുന്നതിനാല്‍ 2027ലെ വേനല്‍ക്കാല ഷെഡ്യൂള്‍ മുതല്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രതിവര്‍ഷ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയില്‍ 50 ലക്ഷം കുറവ് വരുത്തേണ്ടിവരുമെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം.
പുതുതായി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (എന്‍.എം.ഐ.എ.) മുംബൈയിലെ ചില അന്താരാഷ്ട്ര സര്‍വീസുകള്‍ മാറ്റാനുള്ള നീക്കവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 2026 ഡിസംബര്‍ മുതല്‍ ഘട്ടംഘട്ടമായി ചില അന്താരാഷ്ട്ര സര്‍വീസുകള്‍ നവി മുംബൈയിലേക്ക് മാറ്റാനുള്ള പദ്ധതിയോട് സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 30 ലക്ഷം യാത്രക്കാരുടെ സര്‍വീസുകള്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ ഈ മാറ്റത്തോട് എങ്ങനെ സഹകരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മുംബൈ വിമാനത്താവളത്തിലെ ശേഷിക്കുറവും ടെര്‍മിനല്‍ നവീകരണവും അന്താരാഷ്ട്ര സര്‍വീസുകളുടെ സ്ലോട്ട് വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ്.
Related News