ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാരില്‍ ചില വിഭാഗങ്ങള്‍ക്ക് പാസ്‌പോര്‍ട്ട്, വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചില പാകിസ്താന്‍ പൗരന്മാര്‍, മതന്യൂനപക്ഷ അഭയാര്‍ഥികള്‍, ശ്രീലങ്കന്‍ തമിഴര്‍, ടിബറ്റുകാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പുതിയ ഉത്തരവിലൂടെ ഇളവുകള്‍ ലഭിക്കുക.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് (എക്‌സംപ്ഷന്‍) (അമെന്‍ഡ്‌മെന്റ്) ഓര്‍ഡര്‍, 2026 പ്രകാരമാണ് മാറ്റങ്ങള്‍. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ പാലിക്കേണ്ട യാത്രാതിരിച്ചറിയല്‍ നടപടിക്രമങ്ങളും ഭേദഗതിയിലൂടെ ലളിതമാക്കിയിട്ടുണ്ട്.
2009 ഡിസംബര്‍ 31നോ അതിനുമുമ്പോ സ്ഥിരമായി താമസിക്കാനുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യയിലെത്തിയ ചില പാകിസ്താന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതില്‍ ഇളവ് ലഭിക്കും. പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കുന്ന കമ്പ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് (സി.എന്‍.ഐ.സി.) കൈവശമില്ലാത്തതിനാല്‍ യാത്രാരേഖകള്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കാണ് ഈ ആനുകൂല്യം.
എന്നാല്‍ ഇതിന് ചില നിബന്ധനകളുണ്ട്. പാകിസ്താനില്‍ കഴിയുമ്പോള്‍ വിവാഹം കഴിച്ചിരിക്കരുത്, അവിടെ സ്ഥാവരസ്വത്ത് സ്വന്തമാക്കിയിരിക്കരുത്, പാകിസ്താനിലേക്ക് പോകുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരായ കുടുംബാംഗങ്ങളെ ഇന്ത്യയില്‍ വിട്ടുപോന്നവരായിരിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. പാകിസ്താനിലേക്ക് മടങ്ങില്ലെന്ന് ഉറപ്പുനല്‍കുകയും വേണം. പൊലീസ്, സുരക്ഷാ ഏജന്‍സികള്‍ എന്നിവയുടെ പ്രതികൂല റിപ്പോര്‍ട്ടുകളും ഉണ്ടാകരുത്.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്കും പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. മതപീഡനത്തെത്തുടര്‍ന്നോ അതിന്റെ ഭീഷണിമൂലമോ അഭയം തേടി 2024 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ശ്രീലങ്കന്‍ തമിഴര്‍, ടിബറ്റുകാര്‍ തുടങ്ങിയവരെ സംബന്ധിച്ചും പുതിയ ഭേദഗതിയില്‍ ഇളവുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
നേപ്പാള്‍, ഭൂട്ടാന്‍, ഇന്ത്യ എന്നീ അയല്‍രാജ്യങ്ങളിലെ പൗരന്മാര്‍ തമ്മിലുള്ള യാത്രയ്ക്കും തിരിച്ചറിയല്‍ രേഖകളുമായി ബന്ധപ്പെട്ട നടപടികള്‍ക്കും കൂടുതല്‍ വ്യക്തതയും ലളിതവല്‍ക്കരണവും നല്‍കുന്നതാണ് ഭേദഗതിയിലെ മറ്റൊരു പ്രധാന മാറ്റം.
വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനോ വിസ ലഭിക്കാനോ സ്വതവേ അവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ പുതിയ ചട്ടഭേദഗതി പുറത്തുവന്നിരിക്കുന്നത്.
Related News