ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരുടെ ജീവിതത്തെയും ഒരുപോലെ പിടിച്ചുലച്ച നോട്ട് നിരോധനത്തിന് ഇന്ന് പത്ത് വര്‍ഷം. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ രാജ്യത്തുണ്ടായ ഏറ്റവും നിര്‍ണായക സാമ്പത്തിക നടപടികളിലൊന്നായിരുന്നു. കള്ളപ്പണം തടയുക, കള്ളനോട്ടുകള്‍ ഇല്ലാതാക്കുക, ഭീകരവാദത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുക, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു നടപടി. എന്നാല്‍ ഒരു ദശാബ്ദം പിന്നിടുമ്പോള്‍ ഈ ലക്ഷ്യങ്ങളില്‍ പലതും പൂര്‍ണമായി കൈവരിക്കാനായില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ മൊത്തം കറന്‍സി മൂല്യത്തിന്റെ 86 ശതമാനത്തോളം വരുന്ന 500, 1000 രൂപ നോട്ടുകളാണ് ഒറ്റരാത്രികൊണ്ട് അസാധുവാക്കിയത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം അന്ന് 17.77 ലക്ഷം കോടി രൂപയായിരുന്ന പ്രചാരത്തിലുള്ള കറന്‍സിയുടെ മൂല്യം 2026 ഒക്ടോബര്‍ 23 ആയപ്പോഴേക്കും 43.14 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പത്ത് വര്‍ഷത്തിനിടെ ഏകദേശം 143 ശതമാനത്തിന്റെ വര്‍ധന. പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നെങ്കിലും രാജ്യത്തെ പണത്തിന്റെ ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കള്ളനോട്ടുകളുടെ കാര്യത്തിലും ആശങ്ക തുടരുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിങ് മേഖലയില്‍ കണ്ടെത്തിയ കള്ളനോട്ടുകളുടെ എണ്ണം 2,29,746 ആണ്. ഇതില്‍ 1,41,907 എണ്ണവും പുതിയ ശ്രേണിയിലുള്ള 500 രൂപ നോട്ടുകളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം കള്ളനോട്ടുകളില്‍ 20.5 ശതമാനം വര്‍ധനയുണ്ടായി. 2024-25ല്‍ 1,17,722 ആയിരുന്നു കണ്ടെത്തിയ കള്ള 500 രൂപ നോട്ടുകളുടെ എണ്ണം. എന്നാല്‍ എല്ലാ വിഭാഗങ്ങളിലുമായി കണ്ടെത്തിയ കള്ളനോട്ടുകളുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായിട്ടില്ല. 2024-25ല്‍ 2,17,396 ആയിരുന്നത് 202526ല്‍ 2,29,746 ആയി ഉയര്‍ന്നു.
നോട്ട് നിരോധനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ അനന്തരഫലങ്ങളിലൊന്നായി മാറിയത് ഡിജിറ്റല്‍ പണമിടപാടുകളുടെ വളര്‍ച്ചയാണ്. യു.പി.ഐ ഇന്ന് ചെറുകിട വ്യാപാരികള്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെയുള്ളവരുടെ ഇടപാടുകളുടെ ഭാഗമായി മാറി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പണമിടപാട് നടത്താമെന്ന സൗകര്യം ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു.
എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിട്ടും പണത്തിന്റെ ഉപയോഗം കുറഞ്ഞില്ലെന്നതാണ് പത്ത് വര്‍ഷത്തെ അനുഭവം വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകളും പണമായുള്ള ഇടപാടുകളും ഒരേസമയം വളരുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. അതുകൊണ്ടുതന്നെ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ ഇപ്പോഴും തുടരുകയാണ്.
പത്ത് വര്‍ഷത്തിനുശേഷം, ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ച ശ്രദ്ധേയമാണെങ്കിലും കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനും പണത്തെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് മാറ്റം വരുത്താനും നോട്ട് നിരോധനത്തിന് എത്രത്തോളം കഴിഞ്ഞുവെന്ന ചോദ്യം അവശേഷിക്കുന്നു.
Related News