കൊച്ചി: മൂന്നു ദിവസം നീണ്ട മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഇന്ന് വൈകുന്നേരം നടക്കുന്ന മഹാറാലിയോടെയും മറൈന്‍ഡ്രൈവില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെയും സമാപിക്കും. റാലിക്ക് വൈറ്റ് ഗാര്‍ഡ് പരേഡ് മാറ്റുകൂട്ടും. മൂന്നു മണിയോടെ ആരംഭിക്കുന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ദിവസം നടന്ന വിവിധ സെഷനുകളില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
രാജ്യത്ത് സത്യം പറയുകയെന്നത് അതീവ അപകടകരമായി മാറിയിരിക്കുകയാണെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് പറഞ്ഞു. അധികാരസ്ഥാനങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്. വിയോജിപ്പുകളെ ഭരണകൂടം നേരി നേരിടുന്ന അവസ്ഥയാണുള്ളതെന്നും നിശ്ശബ്ദതയാണ് പലരും സ്വന്തം സുരക്ഷയ്ക്കായി നല്‍കുന്ന വിലയെന്നും അവര്‍ പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.
'നീതി ഒരിക്കലും ഏകപക്ഷീയമാകരുത്. അധികാരത്തിന്റെ ഇടപെടലോ ഉന്നതനെന്നോ സാധാരണക്കാരനെന്നോ ഉള്ള വേര്‍തിരിവോ നീതിനിര്‍വഹണത്തില്‍ പാടില്ല. ഭരണഘടനാപരമായ വലിയ ചോദ്യങ്ങളാണ് നമ്മുടെ ജനാധിപത്യം ഇന്ന് അഭിമുഖീകരിക്കുന്നത്. രാജ്യത്ത് ധ്രുവീകരണവും ഭയത്തിന്റെ അന്തരീക്ഷവും വര്‍ധിക്കുമ്പോള്‍ സത്യാവസ്ഥ വിളിച്ചുപറയുന്ന യുവതലമുറയിലാണ് പ്രതീക്ഷ,' ശ്വേത ഭട്ട് ചൂണ്ടിക്കാട്ടി.
അനീതിക്കെതിരെ പ്രതികരിക്കാതിരിക്കുന്ന ദിനം സ്വന്തം സ്വാതന്ത്ര്യം അടിയറവെക്കുന്നതിന്റെ തുടക്കമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. സഞ്ജീവ് ഭട്ടിന്റെ തടവറയും നിയമപോരാട്ടവും എട്ടു വര്‍ഷം പിന്നിടുമ്പോഴും നീതിക്കായുള്ള പോരാട്ടത്തില്‍നിന്ന് പിന്നോട്ടില്ല. തടവറയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ വീര്യത്തെ കെടുത്താനാവില്ല. 2019-ല്‍ സഞ്ജീവിന് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ കോഴിക്കോട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സമരം മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മികച്ച മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയും കനത്ത ആഘാതം അഭിമുഖീകരിക്കും -എം.കെ. മുനീര്‍
സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ എം.കെ. മുനീര്‍ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു. ഹിറ്റ്ലര്‍ക്കും മുസോളിനിക്കും ഉണ്ടായ അതേ ഗതി തന്നെയാണ് ട്രംപിനും നെതന്യാഹുവിനും ഉണ്ടാകുമെന്ന് ലോകം പറയുന്നത്. അതേ ആഘാതം തന്നെയാണ് ഇന്ത്യയില്‍ നരേന്ദ്ര മോദിയും അഭിമുഖീകരിക്കാന്‍ പോകുന്നത്. മോദിയുടെ കൂട്ടിലടച്ച തത്തയായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുകയാണ്. ഗാന്ധിഹത്യയ്ക്കു ശേഷം നടന്ന ഏറ്റവും വലിയ സംഭവമാണ് 'വോട്ട്ഹത്യ'. ഇതിനെതിരെ യുവത ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നീതിക്കുവേണ്ടിയുള്ള ഏതൊരു സമരത്തിലും യൂത്ത് ലീഗ് മുന്‍പന്തിയില്‍ തെരുവിലുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗ് മാതൃകാപരമായി ശക്തിപ്പെടുകയാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അഭിപ്രായപ്പെട്ടു. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് സംഘടന ഒരിക്കലും അകന്നുപോകരുതെന്ന് ദേശീയ സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍ ഓര്‍മിപ്പിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിമാരായ പി. അബ്ദുല്‍ ഹമീദ്, റഫീഖ് മണിമല, എം.എല്‍.എമാരായ നജീബ് കാന്തപുരം, ടി.പി. അഷ്‌റഫലി, യൂത്ത് ലീഗ് നേതാക്കളായ ഷിബു മീരാന്‍, ഫാത്തിമ തഹ്ലിയ, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്, എം.പി. അഷ്‌റഫ് മൂപ്പന്‍ തുടങ്ങിയവരും സംസാരിച്ചു.